24 മണിക്കൂറിനുള്ളില്‍ 78,761 രോഗികള്‍, ഒറ്റ ദിവസത്തെ വര്‍ധനയില്‍ ഒന്നാമതായി ഇന്ത്യ
ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ 78,761 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഒരു ദിവസം ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ റിപോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളൂടെ കൂട്ടത്തില്‍ ഇന്ത്യ ഒന്നാമതായി. 77,638 കൊവിഡ് കേസുകള്‍ 24 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് ചെയ്ത ജൂലൈ 17ലെ അമേരിക്കയുടെ കണക്കിനെയാണ് ഇന്ത്യ പിന്നിലാക്കിയത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 35 ലക്ഷം കടക്കുകയും ചെയ്തു. ആഗസ്റ്റ് നാലു മുതല്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന ലോകത്ത് മൂന്ന് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. യു.എസും ബ്രസീലുമാണ് മറ്റു രണ്ടു രാജ്യങ്ങള്‍.
മഹാരാഷ്ട്ര ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് ദൈനംദിന കേസുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. അതേ സമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,55,027 ടെസ്റ്റുകള്‍ നടത്തി പ്രതിദിനം 10 ലക്ഷത്തിലധികം സാമ്പിളുകള്‍ പരീക്ഷിക്കാനുള്ള ദേശീയ രോഗനിര്‍ണയ ശേഷി ഇന്ത്യ കൂടുതല്‍ ശക്തമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. ഇതോടെ ആകെ ടെസ്റ്റുകള്‍ 4.14 കോടി കടന്നു. ആകെ രോഗികളില്‍ 27 ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."