ജില്ലയിലെ റേഷന്‍ കാര്‍ഡ് വിതരണം അനിശ്ചിതത്വത്തില്‍
കുന്നുംകൈ: പ്രാഥമിക പരിശോധനയുടെ ആദ്യഘട്ടം പൂര്‍ത്തിയായെങ്കിലും തെറ്റുതിരുത്തലുകളും മറ്റും നടക്കുന്നതിനാല്‍ പുതിയ റേഷന്‍കാര്‍ഡ് വിതരണ നടപടികള്‍ ഇപ്പോഴും അനിശ്ചിതത്വത്തില്‍. പഞ്ചായത്ത് തലത്തില്‍ കരട് പട്ടിക പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങള്‍ സ്വീകരിക്കാത്തതാണ് റേഷന്‍കാര്‍ഡ് വിതരണ നടപടികള്‍ വൈകിപ്പിക്കുന്നത്. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നപ്പോള്‍ നിര്‍ത്തിവച്ച കരട് പട്ടിക തിരുത്തല്‍ നടപടികള്‍ പുതിയ സര്‍ക്കാര്‍ വന്നതിനുശേഷവും പുനരാരംഭിക്കാന്‍ ഉത്തരവായിട്ടില്ല. അപേക്ഷാഫാറം പൂരിപ്പിക്കലും ഫോട്ടോയെടുക്കലും രണ്ടു വര്‍ഷം മുന്‍പ് തുടങ്ങിവച്ചെങ്കിലും കുത്തഴിഞ്ഞ അവസ്ഥയില്‍തന്നെയാണ് ഇപ്പോഴും.
പഞ്ചായത്ത് തലത്തില്‍ പ്രസിദ്ധീകരിക്കുന്ന കരട് റേഷന്‍കാര്‍ഡ് പട്ടികയിലെ പിശകുകള്‍ തിരുത്താനും ആക്ഷേപം കേള്‍ക്കുന്നതിനും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എന്നിവര്‍ അടങ്ങിയ സമിതിക്കും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഈ സമിതിക്ക് മുന്‍പാകെ ലഭിക്കുന്ന പരാതികളില്‍ സൂക്ഷ്മ പരിശോധന നടത്തിയതിനുശേഷം മാത്രമേ അന്തിമ റേഷന്‍കാര്‍ഡ് പട്ടിക പ്രസിദ്ധപ്പെടുത്തൂ. യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങിവച്ച റേഷന്‍കാര്‍ഡ് പുതുക്കല്‍ എന്നു പൂര്‍ത്തിയാകുമെന്നു സിവില്‍ സപ്ലൈസ് വകുപ്പിനും വ്യക്തതയില്ല.
നിലവിലുണ്ടായിരുന്ന കാര്‍ഡുടമകളായ പുരുഷന്മാര്‍ക്കു പകരം കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയെ കാര്‍ഡ് ഉടമയാക്കല്‍, ദേശസാല്‍കൃത ബാങ്കിന്റെ അക്കൗണ്ടുമായി ബന്ധപ്പെടുത്തല്‍, ആധാര്‍ എന്‍.പി.ആര്‍ നമ്പരുകള്‍ ഉള്‍പ്പെടുത്തല്‍, പ്രയോറിറ്റി നോണ്‍ പ്രയോറിറ്റി കാറ്റഗറിയിലേക്കു തരംതിരിക്കല്‍ തുടങ്ങിയ പ്രക്രിയകള്‍ക്കായി ഒരു വര്‍ഷത്തിലധികമാണു സിവില്‍ സപ്ലൈസ് വകുപ്പ് എടുത്തത്. എ.പി.എല്‍, ബി.പി.എല്‍ തരംതിരിവുകള്‍ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
എന്നാല്‍ മുമ്പു നല്‍കിയ അപേക്ഷയില്‍ കുടുംബാംഗങ്ങളുടെ ആധാര്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ വീണ്ടും അതു നല്‍കണമെന്നാണു പുതിയ നിര്‍ദേശം. ഒരു കുടുംബത്തിന്റെ എല്ലാ വിവരങ്ങളുടെയും ഉള്ളടക്കത്തോടെ ആധുനിക ബയോമെട്രിക് രീതിയില്‍ എ.ടി.എം കാര്‍ഡുപോലുള്ള റേഷന്‍ കാര്‍ഡ് ലഭിക്കും എന്നൊക്കെയായിരുന്നു തുടക്കത്തില്‍ പറഞ്ഞത്. പിന്നീട് ഓണ്‍ലൈന്‍ സംവിധാനം വന്നാല്‍ മാത്രമേ ഇതിനു പ്രസക്തിയുള്ളൂവെന്നു പറഞ്ഞു സാധാരണ കാര്‍ഡ് തന്നെ വിതരണം നടത്താനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
അതേസമയം ഡാറ്റ എന്‍ട്രി പിഴവുകള്‍ക്കു സി ഡിറ്റും കുടുംബശ്രീയും അക്ഷയയും പരസ്പരം കുറ്റപ്പെടുത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."