ജോസ് പക്ഷത്തിന്റെ വരവ്; ഇടതില്‍ കലഹം
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശനത്തിനു മുന്‍പു തന്നെ എല്‍.ഡി.എഫില്‍ കലഹം തുടങ്ങി. യു.ഡി.എഫില്‍ നിലനില്‍പ്പില്ലെന്ന് ഉറപ്പായ ജോസ് പക്ഷം ഇടതിലേക്കു ചേക്കേറാന്‍ നീക്കം സജീവമാക്കിയതോടെ സി.പി.ഐ, എന്‍.സി.പി, ജനതാദള്‍ (എസ്) എന്നീ കക്ഷികളാണ് എതിര്‍പ്പുയര്‍ത്തിത്തുടങ്ങിയത്.
ജോസ് പക്ഷത്തിന് തങ്ങളുടെ നിയമസഭാ സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന മുന്നറിയിപ്പ് ഘടകകക്ഷികള്‍ നല്‍കിക്കഴിഞ്ഞു. പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ എല്‍.ഡി.എഫിന്റെ ഭാഗമാകാനാണ് ജോസ് പക്ഷം ശ്രമിക്കുന്നത്. ജോസ് കെ. മാണിയെയും കൂട്ടരെയും സ്വാഗതം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിറ്റിങ് സീറ്റായ പാലാ വിട്ടുകൊടുക്കില്ലെന്ന പരസ്യനിലപാടുമായി മാണി സി. കാപ്പന്‍ എം.എല്‍.എ രംഗത്തുവന്നത്.
ജോസ് പക്ഷം എല്‍.ഡി.എഫിലേക്കു വരുമ്പോള്‍ പാലാ കൊടുത്ത് പകരം രാജ്യസഭാ സീറ്റ് മാണി സി. കാപ്പന് നല്‍കാമെന്ന ധാരണയ്ക്കാണ് സി.പി.എം ശ്രമം. തന്നെ വോട്ട് ചെയ്തു വിജയിപ്പിച്ച ജനങ്ങളെ വിട്ടൊരു കളിക്കില്ലെന്ന നിലപാടിലാണ് കാപ്പന്‍. കേരള കോണ്‍ഗ്രസ് ജോസ് പക്ഷം വൈകാരികമായി കാണുന്ന സീറ്റാണ് പാലാ. കെ.എം മാണിയുടെ സ്വന്തം സീറ്റില്‍ പോലും ഉറപ്പില്ലാതെ എങ്ങനെ എല്‍.ഡി.എഫിലേക്കു പോകുമെന്ന ആശങ്ക ജോസ് പക്ഷത്തും ഉയരുന്നുണ്ട്.
ഡോ. എന്‍. ജയരാജ് എം.എല്‍.എയുടെ കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കാന്‍ സി.പി.ഐയും തയാറല്ല. കോട്ടയം ജില്ലയില്‍ സി.പി.ഐയുടെ രണ്ട് സീറ്റുകളിലൊന്നാണ് കാഞ്ഞിരപ്പള്ളി. ജോസ് പക്ഷം നോട്ടമിടുന്ന പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിലവില്‍ ജനതാദളി(എസ്)ന്റെ സീറ്റാണ്. മാത്യു ടി. തോമസാണ് നിലവില്‍ എം.എല്‍.എ. തിരുവല്ല കൈവിടാന്‍ ജനതാദളിനും താല്‍പ്പര്യമില്ല. ഇടതുകക്ഷികളില്‍ നിന്ന് എതിര്‍പ്പില്ലാതെ മുന്നണിപ്രവേശനം തന്നെ ജോസ് പക്ഷത്തിന് എളുപ്പമാവില്ലെന്നിരിക്കെയാണ് നിയമസഭാ സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കം.
ജോസ് പക്ഷത്തിന് എതിര്‍പ്പില്ലാതെ ലഭിക്കാവുന്ന ഏക സീറ്റ് ഇടുക്കി മാത്രമാണ്. എല്‍.ഡി.എഫിലെത്തിയാല്‍ റോഷി അഗസ്റ്റിന്റെ കാര്യത്തില്‍ മാത്രമാണ് ഉറപ്പുള്ളത്. ആദ്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും എല്‍.ഡി.എഫുമായി ധാരണയുണ്ടാക്കി അണികളെ പിടിച്ചുനിര്‍ത്തുക, നിയമസഭാ സീറ്റുകളില്‍ ധാരണയായ ശേഷം എല്‍.ഡി.എഫിന്റെ ഭാഗമാകുക എന്നതാണ് ജോസ് പക്ഷ നേതാക്കളുടെ ആലോചന. ഇടതിലേക്കു പോയാല്‍ കാഞ്ഞിരപ്പള്ളി കിട്ടില്ലെന്നത് ജോസ് പക്ഷത്തെ രണ്ട് എം.എല്‍.എമാരിലൊരാളായ ജയരാജിനെ ധര്‍മസങ്കടത്തിലാക്കുന്നുണ്ട്.
യു.ഡി.എഫ് കേരള കോണ്‍ഗ്രസി(എം)ന് നല്‍കിയത് 15 സീറ്റുകളാണ്. ഇതില്‍ 11ലും മത്സരിച്ചത് മാണി ഗ്രൂപ്പുകാരും. ഇടതിലേക്ക് ജോസ് പക്ഷം ചേക്കേറിയാല്‍ നിലവിലെ സാഹചര്യത്തില്‍ പകുതി മണ്ഡലങ്ങള്‍ പോലും ലഭിക്കില്ലെന്നുറപ്പ്. തുടര്‍ഭരണം മോഹിക്കുന്ന സി.പി.എം മറ്റു ഘടകകക്ഷികളെ പിണക്കി ജോസ് പക്ഷത്തിന് കൂടുതല്‍ സീറ്റുകള്‍ പിടിച്ചുവാങ്ങി നല്‍കാനും തയാറാവില്ല. യു.ഡി.എഫിനെ പിണക്കിയത് നഷ്ടക്കച്ചവടമാകുമെന്ന ഭയത്തിലാണ് നിയമസഭാ സീറ്റ് മോഹിക്കുന്ന ജോസ് പക്ഷ നേതാക്കളിലേറെയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."