ആവേശത്തോടെ കുട്ടനാടിന്റെ മഹാശുചീകരണം: പങ്കെടുത്തത് അരലക്ഷത്തിലേറെ പേര്‍
ആലപ്പുഴ: കുട്ടനാടിന്റെ പ്രളയക്കണ്ണീര്‍ തുടയ്ക്കാന്‍ ഇന്നലെ നടന്ന മഹാശുചീകരണത്തിന്റെ ആദ്യ ദിനത്തില്‍ പങ്കെടുത്തത് അരലക്ഷത്തിലധികം പേര്‍. ജില്ലയ്ക്ക് പുറത്തുനിന്ന്് തന്നെ 15,000 ത്തോളം പേര്‍ എത്തിയിട്ടുണ്ടെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് വ്യക്തമാക്കി. 60,000 പേരോളം ശുചീകരണത്തില്‍ പങ്കെടുത്തതായി മന്ത്രി പറഞ്ഞു.
പുളിങ്കുന്ന്, നെടുമുടി, കാവാലം എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കണ്ട ശേഷമാണ് മന്ത്രി മടങ്ങിയത്. രാവിലെ ഫിനിഷിങ് പോയിന്റില്‍ തന്നെ ആവേശത്തോടെ ചെറുപ്പക്കാരുടെ നിര എത്തിത്തുടങ്ങിയിരുന്നു. ഭക്ഷണപ്പൊതികള്‍ കയറ്റാനും ബോട്ടുകള്‍ തയ്യാറാക്കാനും പ്രത്യേക സംവിധാനം തന്നെ ഒരുക്കി. മൈക്കില്‍ അനൗണ്‍സ് ചെയ്യുന്നതനുസരിച്ച് നിയോഗിക്കപ്പെട്ടവര്‍ അതത് ബോട്ടുകളിലും ജങ്കാറിലും പോയി. ആവശ്യമായ ഭക്ഷണ സാധനങ്ങളും വെള്ളവും പോകുന്നവര്‍ക്ക് നല്‍കി വിടുകയായിരുന്നു.
മുട്ട, പുഴുങ്ങിയ ഏത്തപ്പഴം, ചപ്പാത്തി, വെജിറ്റബിള്‍ കറി, ഉപ്പുമാവ് തുടങ്ങി ബിസ്‌ക്കറ്റും ബ്രഡും ഉള്‍പ്പെടെയാണ് ബോട്ടുകള്‍ പുറപ്പെട്ടത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേകിച്ച് മലബാറില്‍ നിന്ന് ധാരാളം വിദ്യാര്‍ഥികളും പ്രഫഷണലുകളുമാണ് ശുചീകരണത്തിനായി എത്തിയത്. പലരും രജിസ്റ്റര്‍ ചെയ്യാന്‍ പോലും നില്‍ക്കാതെയാണ് കുട്ടനാടിന്റെ ശുചീകരണത്തില്‍ പങ്കെടുക്കാന്‍ ബോട്ടുകയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."