വിവാദങ്ങള്‍ മറികടക്കാന്‍ കര്‍മപദ്ധതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസും വളാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമുള്‍പ്പെടെയുള്ള വിവാദങ്ങളില്‍ പ്രതിക്കൂട്ടിലായ സംസ്ഥാന സര്‍ക്കാരിന് വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും അതുകഴിഞ്ഞുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും ജനപിന്തുണ നഷ്ടമാകുമെന്ന് മുന്നില്‍കണ്ട് ഒരു മുഴം മുന്നേ എറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ നൂറുദിന കര്‍മപദ്ധതി പ്രഖ്യാപിച്ചതിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് തന്നെ.
സാധാരണക്കാര്‍ക്ക് വാരിക്കോരി നല്‍കുന്ന സര്‍ക്കാരാണെന്നും വികസനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും വിവാദങ്ങള്‍ക്ക് പിന്നാലെ പോകുന്നില്ലെന്നും ആവര്‍ത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. സ്വര്‍ണക്കടത്ത് വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റിട്ടുണ്ടെന്ന് സി.പി.എമ്മും ഇടതുമുന്നണിയിലെ മറ്റു ഘടകകക്ഷികളും സര്‍ക്കാരിനെ അറിയിച്ചിരുന്നു. സി.പിഎമ്മിന്റെ ബ്രാഞ്ച് മുതലുള്ള ഘടകങ്ങള്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ജനപിന്തുണ നഷ്ടമാകുന്നതായി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രധാന ചര്‍ച്ച സര്‍ക്കാരിനുള്ള ജനപിന്തുണ വിവാദങ്ങളില്‍ പെട്ട് നഷ്ടമാകുന്നതിനെക്കുറിച്ചായിരുന്നു.
പാര്‍ട്ടി മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി കര്‍മപദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇതേപോലെ കര്‍മപദ്ധതി പ്രഖ്യാപിച്ചിരുന്നു. അതേ പാതയാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചത്. പക്ഷേ നേരത്തെ എന്നു മാത്രം.
വിവാദ ചോദ്യങ്ങള്‍ക്ക് പിടികൊടുക്കാതെ അരമണിക്കൂര്‍ നീണ്ടുനിന്ന പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങള്‍ മാത്രമായിരുന്നു. ഇതില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ നൂറു രൂപ വര്‍ധിപ്പിച്ചതും ഓണക്കിറ്റ് വിതരണം നാലു മാസത്തേക്ക് നീട്ടിയതുമൊഴികെ ബാക്കിയെല്ലാം നേരത്തെ പ്രഖ്യാപിച്ചതും നിലവില്‍ പണി നടക്കുന്നതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."