രണ്ടാംവട്ടവും കത്തെഴുതി എന്‍ഫോഴ്‌സ്‌മെന്റ്; രേഖകള്‍ നല്‍കാതെ സര്‍ക്കാര്‍
തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ട രേഖകള്‍ നല്‍കാതെ സര്‍ക്കാരിന്റെ ഒളിച്ചുകളി.
രേഖകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് പത്തുദിവസം മുമ്പാണ് ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റ് കത്തുനല്‍കിയത്. എന്നാല്‍ രേഖകള്‍ ഇതുവരെ നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
കത്തുനല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും രേഖകള്‍ കിട്ടാതായതോടെ കഴിഞ്ഞ ദിവസവും എന്‍ഫോഴ്‌സ്‌മെന്റ് കത്തുനല്‍കിയിട്ടുണ്ട്.
ലൈഫ് മിഷനുവേണ്ടി റെഡ് ക്രസന്റ് സമ്മതിച്ച പദ്ധതിയുമായി ബന്ധപ്പെട്ട യോഗങ്ങളുടെ മിനുട്‌സുകള്‍ നല്‍കണമെന്നാണ് എന്‍ഫോഴ്‌സമെന്റ് കത്തിലൂടെ ആവശ്യപ്പെട്ടത്.
ഇടപാടിനെക്കുറിച്ച് കൂടുതല്‍ വ്യക്തതവരുത്താനും സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷ് ഈ യോഗത്തില്‍ പങ്കെടുത്തിരുന്നോ, പങ്കെടുത്തിരുന്നത് മറ്റാരെല്ലാമായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനുമായാണ് എന്‍ഫോഴ്‌സ്‌മെന്റ് മിനുട്‌സ് ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക സഹായം വാങ്ങാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നോ, ധാരണാപത്രം ഒപ്പിടുംമുമ്പ് നിയമവകുപ്പിന്റെ ഉപദേശം തേടിയിരുന്നോ, മന്ത്രിസഭയില്‍ ചര്‍ച്ചചെയ്തിരുന്നോ തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരുത്തേണ്ടതുണ്ട്.
ഒരു സ്വകാര്യ ഏജന്‍സി വിദേശ രാജ്യവുമായി ഫ്‌ളാറ്റ് നിര്‍മാണകരാര്‍ ഒപ്പുവയ്ക്കാന്‍ ഇടയാക്കിയ സാഹചര്യവും അതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
ഇതിലെല്ലാം വ്യക്തത വരുത്തണമെങ്കില്‍ സര്‍ക്കാരിന്റെ പക്കല്‍നിന്നു വിവരങ്ങള്‍ ആവശ്യമാണ്. അതിനുവേണ്ടിയാണ് യോഗത്തിന്റെ മിനുട്‌സ് ഉള്‍പ്പെടെ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."