യുവതി സുപ്രിംകോടതി സമിതി മുന്‍പാകെ ഹാജരായി
ന്യൂഡല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ ലൈംഗികാരോപണമുന്നയിച്ച യുവതി ഇതു സംബന്ധിച്ച സമിതി മുമ്പാകെ ഹാജരായി മൊഴി നല്കി. ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസുമാരായ എസ്.എ ബോബ്്ദെ, ഇന്ദു മല്‍ഹോത്ര, ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ ആഭ്യന്തര സമിതിയ്ക്ക് മുമ്പാകെയാണ് യുവതി ഹാജരായത്. അതോടൊപ്പം സുപ്രിംകോടതി സെക്രട്ടറി ജനറലിനെയും സമിതി വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ യുവതിയുടെ മൊഴി സമിതി അംഗങ്ങള്‍ മാത്രമാണ് കേട്ടത്. അഭിഭാഷകനെയും കൂട്ടിയാണ് യുവതി എത്തിയതെങ്കിലും അഭിഭാഷകനും പ്രവേശനം അനുവദിച്ചില്ല.
സമ്പൂര്‍ണ രഹസ്യസ്വഭാവം ഉറപ്പുവരുത്താനാണ് അഭിഭാഷകര്‍ക്കോ മറ്റുള്ളവര്‍ക്കോ പ്രവേശനം അനുവദിക്കാതിരുന്നതെന്നും സാധാരണ ജുഡിഷ്യല്‍ നടപടികള്‍ക്ക് സമാനമല്ല ഇതിന്റെ നടപടി ക്രമങ്ങളെന്നും സമിതി അധ്യക്ഷന്‍ എസ്.എ ബോബ്ദെ വ്യക്തമാക്കി. ഒരു മണിക്കൂറോളം നേരമാണ് സമിതി യുവതിയുമായി സംസാരിച്ചത്. യുവതിയില്‍ നിന്ന് ആരോപണവുമായി ബന്ധപ്പെട്ട രേഖകളും സമിതി സ്വീകരിച്ചു. അടുത്ത സിറ്റിങ് എന്നായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സമിതിയുടെ റിപോര്‍ട്ടും രഹസ്യസ്വഭാവത്തിലുള്ളതായിരിക്കുമെന്നും ബോബ്്ദെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."