'പാഠം ഒന്ന്; കുട്ടികളുടെ മാനസികോല്ലാസം...'
തിരുവനന്തപുരം: പ്രളയബാധിത മേഖലകളിലെ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ഇന്നും നാളെയും കുട്ടികളുടെ മാനസികോല്ലാസവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്ന് സര്‍ക്കുലര്‍.
ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടുന്ന പദ്ധതികള്‍ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.
പ്രളയ ബാധിത പ്രദേശങ്ങളിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. കെട്ടിടങ്ങളുടെ സുരക്ഷിതത്വം എല്‍.എസ്.ജി.ഡി എഞ്ചിനിയര്‍മാരെ കൊണ്ട് പരിശോധിപ്പിച്ച് ഉറപ്പ് വരുത്തണം. ഇന്ന് സ്‌കൂള്‍ അസംബ്ലി വിളിച്ചു ചേര്‍ത്ത് കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരുന്ന വിധത്തിലുള്ള സന്ദേശങ്ങള്‍ നല്‍കണം. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി നല്‍കിയ സന്ദേശം അസംബ്ലിയില്‍ വായിക്കണം.
എല്ലാ സ്‌കൂളുകളിലും പി.ടി.എ കമ്മിറ്റികള്‍ ഇന്നുതന്നെ യോഗം ചേര്‍ന്ന് പരിസര ശുചിത്വവും കുട്ടികളുടെ ആരോഗ്യവും ഉറപ്പു വരുത്തുന്നതിനും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനും സ്‌കൂളുകളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
സ്‌കൂളുകളിലെ കിണറുകളും ജലസംഭരണികളും ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരം ബ്ലീച്ചിങ് പൗഡറിട്ട് അണു വിമുക്തമാക്കണം. കുടിവെള്ള വിതരണ പൈപ്പ് ലൈനുകള്‍ മലിന ജലവുമായി സമ്പര്‍ക്കമുണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. പാചകത്തിനു ഉപയോഗിക്കുന്നതും കഴിക്കാന്‍ ഉപയോഗിക്കുന്നതുമായ പാത്രങ്ങള്‍ തിളച്ച വെള്ളത്തില്‍ മുക്കി വച്ച് അണു വിമുക്തമാക്കിയ ശേഷമേ ഉപയോഗിക്കാവൂ. ഉപയോഗശൂന്യമായ അരിയും പയറും മറ്റും ഫംഗസ് ബാധയുള്ളതിനാല്‍ ഉണക്കിയെടുത്ത് ഉപയോഗിക്കരുത്.
തകര്‍ന്ന കെട്ടിടങ്ങളുടേയും കല്ലുകള്‍ക്കിടയിലും ബഞ്ചുകളുടേയും ഡസ്‌കുകളുടേയും ഇടയിലും ഇഴ ജന്തുക്കള്‍ ഇല്ലായെന്ന് ഉറപ്പു വരുത്തണം.
ടോയ്‌ലറ്റുകളുടെ ശുചിത്വം എല്ലാ ദിവസവും ഉറപ്പു വരുത്തണം. വെള്ളപ്പൊക്കത്തില്‍ അടിഞ്ഞു കൂടിയ ചെളി, മാലിന്യങ്ങള്‍, ജീവികളുടെ അവശിഷ്ടങ്ങള്‍ എന്നിവ ശാസ്ത്രീയമായി സംസ്‌കരിക്കണം. രോഗബാധയുണ്ടാവാനിടയുള്ള യാതൊരു പ്രവര്‍ത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുകയോ അവരുടെ സേവനം നിര്‍ബന്ധിക്കുകയോ ചെയ്യരുത്.
ലാബുകളിലെ രാസ വസ്തുക്കളും മറ്റും അപകടകരമായ നിലയില്‍ അല്ലെന്ന് ഉറപ്പ് വരുത്തണം.
പാഠപുസ്തകങ്ങള്‍, യൂനിഫോം എന്നിവ നഷ്ടപ്പെട്ട കുട്ടികള്‍ നേരത്തേ നിര്‍ദേശിച്ച പ്രകാരം ഈ മാസം 31 നു മുന്‍പ് സ്‌കൂളില്‍ വിവരം റിപ്പോര്‍ട്ട് ചെയ്യണം. ഇന്നു തുറക്കാന്‍ കഴിയാത്ത സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അതാത് സ്‌കൂള്‍ തുറന്ന് മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയാവും. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തേണ്ടതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."