എല്ലാ സപ്ലൈ ഓഫിസുകളിലും പ്രത്യേക ഹെല്‍പ്പ് ഡെസ്ക്
കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെടുകയോ ന നഞ്ഞ് ഉപയോഗ്യശൂന്യമാകുകയോ ചെയ്തവര്‍ക്ക് സെപ്റ്റംബര്‍ രണ്ടു മുതല്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യും.
സെപ്റ്റംബര്‍ 10ാം തിയതിയോടെ വിതരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന എറണാകുളം, തൃശൂര്‍ ജില്ലകളിലെ ജില്ലാ, താലൂക്ക്, സപ്ലൈ ഓഫിസര്‍മാരുടെയും സിറ്റി റേഷനിങ് ഓഫിസര്‍മാരുടെയും യോഗത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് തീരുമാനം അറിയിച്ചത്. സി ഡിറ്റ്, ഐ.ടി മിഷന്, എന്‍.ഐ.സി എന്നിവയുടെ നേതൃത്വത്തില്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിനുള്ള സംവിധാനം എല്ലാ താലൂക്ക് സപ്ലൈ ഓഫിസുകളിലും ഒരുക്കും. പ്രത്യേകം തയാറാക്കിയ അപേക്ഷാ ഫോമിനൊപ്പം സ്വന്തം നിലയിലുള്ള സത്യവാങ്മൂലവും മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും. അപേക്ഷ ഫോമുകള്‍ എല്ലാ ജില്ലാ, താലൂക്ക് സപ്ലൈ ഓഫിസുകളിലും ലഭ്യമാകും. കൂടാതെ, സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.
ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് എല്ലാ സപ്ലൈ ഓഫിസുകളിലും പ്രത്യേക ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനമാരംഭിക്കും. അപേക്ഷ ലഭിച്ച് മൂന്നു ദിവസത്തിനകം ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ നല്‍കും. ഇത്തരത്തില്‍ വിതരണം ചെയ്യുന്ന കാര്‍ഡുകളില്‍ 2018 ജൂലൈ -ഓഗസ്റ്റ് മാസത്തിലെ പ്രളയത്തോടനുബന്ധിച്ച് വിതരണം ചെയ്തത് എന്ന് സീല്‍ ചെയ്തിരിക്കും. കൂടാതെ ഉപയോഗശൂന്യമായ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കണം. പഞ്ചായത്ത് തലത്തിലോ താലൂക്ക് അടിസ്ഥാനത്തിലോ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നു വൈകുന്നേരം മുതല്‍ എല്ലാ താലൂക്ക് സപ്ലൈ ഓഫിസുകളിലും പ്രിന്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ സി ഡിറ്റ് സജ്ജമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."