കറുത്തവര്‍ഗക്കാരിയായ എം.പിയെ അടിമയാക്കി ചിത്രീകരിച്ചു; ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം
പാരിസ്: കറുത്തവര്‍ഗക്കാരിയായ എം.പിയെ തീവ്രവലതുപക്ഷ മാഗസിന്‍ അടിമയായി ചിത്രീകരിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ പ്രതിഷേധം കത്തുന്നു. ഇടതുപക്ഷ എം.പിയായ ഡാനിയല ഒബോനൊയെയാണ് വാലേര്‍സ് ആക്ച്വലസ് മാഗസിന്‍ ചങ്ങലയിലിട്ട അടിമയായി ചിത്രീകരിച്ച് അധിക്ഷേപിച്ചത്. എം.പിയെ ഫോണില്‍ വിളിച്ച പ്രസിഡന്റ് മാക്രോണും പ്രധാനമന്ത്രി ജീന്‍ കാസ്‌ടെക്‌സും പൂര്‍ണ പിന്തുണ അറിയിച്ചു. എല്ലാതരം വംശീയതയെയും അപലപിക്കുന്നതായി പ്രസിഡന്റ് വ്യക്തമാക്കി.
വെറുപ്പുളവാക്കുന്ന തീവ്ര വലതുപക്ഷ വിഡ്ഡികള്‍, ക്രൂരന്മാര്‍ എന്ന് ഒബോനൊ ട്വിറ്ററില്‍ പ്രതികരിച്ചു. എന്നാല്‍ എം.പിയെ മോശമായി ചിത്രീകരിച്ചെന്നത് നിഷേധിച്ച മാഗസിന്‍ സംഭവം വിവാദമായതോടെ മാപ്പുപറഞ്ഞു.
അതേസമയം രാജ്യത്തെ വംശീയവിരുദ്ധ സംഘടന ഇതിനെതിരേ രംഗത്തുവന്നു. രാജ്യത്തെ ഓഫ്രോ-അറബ് രാഷ്ട്രീയക്കാര്‍ക്കെതിരായ അസഹിഷ്ണുതയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അവര്‍ അറിയിച്ചു. രാജ്യത്ത് ജൂണ്‍, ജൂലൈ മാസങ്ങളില്‍ വംശീയതയ്‌ക്കെതിരേ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.
വിവാദ മാഗസിനെ മികച്ചതെന്ന് കഴിഞ്ഞവര്‍ഷം പുകഴ്ത്തിയ മാക്രോണ്‍ രാജ്യത്ത് അടിമവ്യാപാരികളുടെയോ കോളനിവാഴ്ചക്കാലത്തെയോ പ്രതിമകള്‍ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ബ്ലാക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭത്തിനിടെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."