ഒരു ദിവസം 78,761 പേര്‍ക്ക് കൊവിഡ്; യു.എസിനെ മറികടന്ന് ഇന്ത്യ
ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങളില്‍ വാക്‌സിന്‍ പരീക്ഷണം തുടരുന്നതിനിടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയ ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 78,761 പേര്‍ക്ക് രോഗം ബാധിച്ചു. ലോകത്ത് ആദ്യമായാണ് ഒരു ദിവസത്തിനിടെ ഇത്രയും പേര്‍ക്ക് ഒരു രാജ്യത്ത് വൈറസ് സ്ഥിരീകരിക്കുന്നത്. ജൂലൈ മധ്യത്തില്‍ യു.എസില്‍ 77,299 പേര്‍ക്ക് ഒറ്റ ദിവസം തന്നെ രോഗം ബാധിച്ചതായിരുന്നു ഇതിനു മുമ്പിലത്തെ റെക്കോര്‍ഡ്.
അതിനിടെ ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടര കോടി കടന്നു. യു.എസ് ആസ്ഥാനമായ ജോണ്‍ ഹോകിന്‍സ് യൂനിവേഴ്‌സിറ്റിയുടെ കണക്കു പ്രകാരം 2,50,09,739 പേര്‍ക്ക് ഇതിനകം വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 8,42,700 പേര്‍ മരിച്ചു. ബ്രസീലില്‍ 24 മണിക്കൂറിനിടെ 41,350 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. അവിടെ ഇന്നലെ 758 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം 1,20,262 ആയുയര്‍ന്നു.
രോഗവ്യാപനത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന യു.എസില്‍ 59,61,582 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 38,46,153, തൊട്ടു പിന്നിലുള്ള ഇന്ത്യയില്‍ 35,42,733 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. കൊവിഡിനെതിരായ വാക്‌സിന്‍ സ്പുട്‌നിക്-വി പരീക്ഷിക്കുന്ന റഷ്യയില്‍ 9,82,573 പേര്‍ക്കാണ് മഹാമാരി ബാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."