കോണ്‍ഗ്രസില്ലെങ്കില്‍ പ്രതിപക്ഷവുമില്ലെന്ന് എല്ലാവരും ഓര്‍ക്കണം: കപില്‍ സിബല്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്ലെങ്കില്‍ പ്രതിപക്ഷവുമില്ലെന്ന് എല്ലാവരും ഓര്‍ക്കണമെന്നും ഹൈക്കമാന്‍ഡിന് കത്തെഴുതിയവരെ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസില്‍ നേതൃതലത്തില്‍ സമഗ്ര മാറ്റം വേണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളില്‍ ഒരാളായ സിബല്‍ അത് സംബന്ധിച്ച് ഒരു ദേശീയ ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രതികരിച്ചത്. പാര്‍ട്ടിക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നേതൃത്വം വേണമെന്ന ആവശ്യത്തെ എതിര്‍ക്കാന്‍ പറ്റുമോയെന്നും കപില്‍ സിബല്‍ ചോദിച്ചു.
പാര്‍ട്ടിക്കുള്ളില്‍ താഴെത്തട്ടില്‍ നിന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നത് വേണ്ടെന്ന് പറയാന്‍ പറ്റുമോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
ബി.ജെ.പി ഭരണഘടന തകര്‍ക്കുന്നു അതിനെ ബഹുമാനിക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവരാണ് നമ്മള് കോണ്‍ഗ്രസ് നേതാക്കള്‍. അവര്‍ക്ക് പാര്‍ട്ടിയുടെ ഭരണഘടന അനുസരിക്കേണ്ട ബാധ്യതയില്ലേയെന്നും കപില്‍ സിബല്‍ ചോദിച്ചു. പാര്‍ട്ടിയിലെ ഏതെങ്കിലും പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടല്ല തങ്ങള്‍ കത്തെഴുതിയത്. 30 വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് താന്‍. പാര്‍ട്ടിയില്‍ ഒരു പദവിയും തന്നിട്ടില്ല. മാന്യമായ ഭാഷയില്‍ പാര്‍ട്ടിയെ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് തങ്ങള്‍ കത്തില്‍ മുന്നോട്ടുവച്ചത്. അതിന്റെ പേരില്‍ തങ്ങളെ വഞ്ചകരെന്ന വിളിക്കാമോ - കപില്‍ സിബല്‍ ചോദിച്ചു.
കത്തെഴുതിയ 23 പേര് ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തികളല്ല. കശ്മിര് മുതല്‍ കന്യാകുമാരി വരെ അറിയപ്പെടുന്ന നേതാക്കള്‍ അതിലുണ്ട്. പലരും പാര്‍ട്ടിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചവരാണ്. ലോകത്ത് തന്നെ പ്രശസ്തരായവരുണ്ട്. കത്തില്‍ ഉന്നയിച്ച ആശങ്കകളൊന്നും പ്രവര്‍ത്തക സമിതി യോഗം ചര്‍ച്ച ചെയ്തില്ലെന്നും സിബല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."