ബോധവല്‍ക്കരണം ശക്തമെങ്കിലും പിടിനല്‍കാതെ ലഹരി മാഫിയ
കോഴിക്കോട്: മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ശക്തമായ ബോധവല്‍കരണം നടക്കുമ്പോഴും കേരളത്തിലേക്കുള്ള ലഹരി ഒഴുക്ക് കുറയുന്നില്ലെന്ന് കണക്കുകള്‍.
ലഹരി നിര്‍മാര്‍ജനത്തിനായി സംസ്ഥാന സര്‍ക്കാര്‍ വിമുക്തി ഉള്‍പ്പെടയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ലഹരിയുടെ വലയില്‍ വീഴുന്നതിലേറെയും വിദ്യാര്‍ഥികളാണ്. 2016ല്‍ 543 കിലോ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളാണ് പിടികൂടിയതെങ്കില്‍ 2017 ല്‍ ഇത് 1332 കിലോയായും 2018ല്‍ 1883 കിലോയായും വര്‍ധിച്ചു. മറ്റ് മയക്കുമരുന്നുകളുടെയും ലഹരി വസ്തുക്കളുടെയും കാര്യത്തിലും സമാനമായ വര്‍ധനയുണ്ട്. 2017 ല്‍ 1174 അബ്കാരി കേസുകളും 255 കഞ്ചാവ് മയക്കുമരുന്ന് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2018 ല്‍ അത് യഥാക്രമം 1033ഉം 261ഉം ആയി. എന്നാല്‍ ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 278 അബ്കാരി കേസുകളും 75 മയക്കു മരുന്ന് കഞ്ചാവ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലഹരി കടത്തുവാനും വില്‍പനക്കുമായി വന്‍തോതില്‍ വിദ്യാര്‍ഥികളെ ഉപയോഗിക്കുന്നുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാംപസുകള്‍ കേന്ദ്രീകരിച്ചുള്ള വില്‍പനയ്ക്കായാണ് വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തുന്നത്. മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടുന്നവരില്‍ ഭൂരിഭാഗവും 30 വയസില്‍ താഴെയുള്ളവരാണ്. കഞ്ചാവ്, ന്യൂജന്‍ ഡ്രഗ്‌സ്, എം.ഡി.എം.എ ക്രിസ്റ്റല്‍ രൂപത്തിലുള്ള ഗുളിക, എല്‍.എസ്.ഡി സ്റ്റാമ്പ് എന്നീ ലഹരി വസ്തുക്കളാണ് ഇപ്പോള്‍ യുവാക്കളെ കൂടുതലായി ആകര്‍ഷിക്കുന്നത്. ആഘോഷ വേളകളിലും ഉത്സവ സീസണിലും അവധിക്കാലത്തും ഡി.ജെ പാര്‍ട്ടികളിലുമാണ് ലഹരി ഉപയോഗം വ്യാപകമായി കണ്ടുവരുന്നത്. പിടിക്കപെടാതികരിക്കുന്നതിനായി വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി പെട്ടെന്നു സംഘടിപ്പിക്കുന്ന ഡി .ജെ പാര്‍ട്ടികളും ഇവര്‍ക്ക് മറയൊരുക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."