റാങ്ക് ലിസ്റ്റിനൊപ്പം റദ്ദാക്കപ്പെടുന്ന ജീവിതങ്ങള്‍, പ്രതിഷേധം കത്തുന്നു
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനം നൊന്ത് കാരക്കോണം സ്വദേശി അനു ആത്മഹത്യ ചെയ്തതില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കള്‍.
അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ അപമാനിക്കുന്ന നടപടി പി.എസ്.സി ചെയര്‍മാന്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെയും പി.എസ്.സിയുടെയും കനിവില്ലായ്മയുടെ രക്തസാക്ഷിയാണ് അനു. തര്‍ക്കം തീര്‍ത്ത് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പോസ്റ്റില്‍ സീനിയോരിറ്റി ലിസ്റ്റുണ്ടാക്കാന്‍ കോടതി വിധി ഉണ്ടായിട്ടും മന്ത്രിയുടെ ഓഫിസിലെ ചിലരുടെ ഇടപെടല്‍ കാരണം അത് നടക്കാതെ പോയി. ചില സി.പി.എം നേതാക്കളുടെ രാഷ്ട്രീയ താത്പര്യം കാരണമാണ് സീനിയോരിറ്റി ലിസ്റ്റുണ്ടാക്കാതെ പോയത്. ഒരാളെക്കൂടി നിയമിച്ചാല്‍ അനുവിന് ജോലി കിട്ടുമായിരുന്നു. സര്‍ക്കാരിന്റെ അലംഭാവം കാരണമാണ് അത് കിട്ടാതെ പോയത്. അനുവിന്റെ മരണത്തിന് ഉത്തരവാദി പി.എസ്.സിയും സര്‍ക്കാരുമാണ്. ആറു മാസത്തേക്ക് കൂടി എല്ലാ റാങ്കു ലിസ്റ്റുകളുടെയും കാലാവധി നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പി.എസ്.സിയെ വിമര്‍ശിച്ചാല്‍ മൂക്ക് ചെത്തുമെന്നാണ് ചെയര്‍മാന്‍ പറയുന്നത്. അതിനെ ന്യായീകരിക്കുക വഴി ആ ക്രൂരതയില്‍ മുഖ്യമന്ത്രിയും പങ്കാളിയായിരിക്കുന്നു. ചെയര്‍മാന്‍ ജനത്തെ പേടിപ്പിക്കരുതെന്നും പി.എസ്.സി ചെയര്‍മാന്റെ ധിക്കാരവും ധാര്‍ഷ്ട്യവും പാവപ്പെട്ട തൊഴില്‍രഹിതരോട് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും തകൃതിയായി നടക്കുമ്പോഴാണ് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്. ആമസോണ്‍ കാടുകളില്‍ തീകത്തുമ്പോള്‍വരെ ഡി.വൈ.എഫ്.ഐക്കാര്‍ പ്രതിഷേധിച്ചിരുന്നു. ഇനിയെങ്കിലും അവര്‍ തെഴില്‍ കിട്ടാത്ത ചെറുപ്പക്കാരുടെ കാര്യം ഓര്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.
പി.എസ്.സിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പിടവാശിയുടെ ബലിയാടാണ് അനുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. റാങ്ക്‌ലിസ്റ്റിന്റെ അഭാവത്തില്‍ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും കണ്‍സള്‍ട്ടന്‍സികള്‍ക്കും സര്‍ക്കാര്‍ ഓഫിസുകളില്‍ നിയമനം നല്‍കുകയാണ്. 45 ലക്ഷത്തോളം തൊഴില്‍രഹിതരായ യുവാക്കളുടെ കഠിനാധ്വാനവും സ്വപ്നവും തല്ലിക്കെടുത്തുന്ന ഇടതുസര്‍ക്കാര്‍ തങ്ങളുടെ നയം പുനര്‍വിചിന്തനം ചെയ്യണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
അനുവിന്റെ മരണത്തിന് ഉത്തരവാദികളായ മുഖ്യമന്ത്രിയുടേയും പി.എസ്.സി ചെയര്‍മാന്റേയും പേരില്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. അനുവിനെ പോലെ പതിനായിരക്കണക്കിന് യുവതീ യുവാക്കള്‍ നിയമനം കാത്തുനില്‍ക്കുമ്പോഴാണ് സി.പി.എമ്മിന്റെ ഇഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കും പിന്‍വാതില്‍ വഴി നിയമനങ്ങളുടെ ഘോഷയാത്ര നടത്തുന്നത്. കുടുംബത്തിന്റെ അവസ്ഥ പരിഗണിച്ച് അനുവിന്റെ സഹോദരന് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ഒഴിവുകള്‍ പി.എസ്.സിക്ക് യഥാസമയം റിപ്പോര്‍ട്ടുചെയ്യാതെയും നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളുടെ ബന്ധപ്പെട്ട സ്‌പെഷല്‍ റൂള്‍സ് ഉണ്ടാക്കാതെയും പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കളമൊരുക്കുന്ന തെറ്റുകള്‍ തിരുത്താന്‍ പി.എസ്.സിയും സര്‍ക്കാരും തയാറാകണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.
ശിക്ഷാനടപടി അന്വേഷണത്തിന് ശേഷം മാത്രമെന്ന് പി.എസ്.സി
തിരുവനന്തപുരം: തങ്ങള്‍ക്കെതിരായ വിവരങ്ങള്‍ പുറത്തുവിട്ടെന്നാരോപിച്ച് ഉദ്യോഗാര്‍ഥികള്‍ക്കെതിരേ നടപടിയെടുക്കാന്‍ തുനിഞ്ഞ പി.എസ്.സി ഇന്നലെ നിലപാട് മയപ്പെടുത്തി രംഗത്തെത്തി. ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുപ്പ് നടപടികളില്‍ നിന്ന് വിലക്കാനോ ശിക്ഷാ നടപടി സ്വീകരിക്കാനോ തീരുമാനിച്ചിട്ടില്ലെന്ന് ഇന്നലെ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.നിലവിലുള്ള ചട്ടപ്രകാരം വിജിലന്‍സ് അന്വേഷണം നടത്താനും അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗാര്‍ഥികളുടെ വാദം കേള്‍ക്കാനും മാത്രമാണ് തീരുമാനിച്ചതെന്നും പി.എസ്.സി വ്യക്തമാക്കി. ഇന്നലെ യുവാവിന്റെ ആത്മഹത്യയെ തുടര്‍ന്ന് വ്യാപക പ്രതിഷേധമുയര്‍ന്നതിനു പിന്നാലെയാണ് നിലപാട് മയപ്പെടുത്തി പി.എസ്.സി വാര്‍ത്താകുറിപ്പിറക്കിയത്.
പി.എസ്.സി ചെയര്‍മാനെതിരേ ആത്മഹത്യാ
പ്രേരണയ്ക്ക് കേസെടുക്കണം: എം.കെ മുനീര്‍
കോഴിക്കോട്: കാരക്കോണത്ത് യുവാവ് ജീവനൊടുക്കാന്‍ കാരണക്കാരനായ പി.എസ്.സി ചെയര്‍മാനെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് ആ സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്നു പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍.
ജനാധിപത്യത്തിന് കളങ്കമായ ചെയര്‍മാനെതിരേ കോടതിയെ സമീപിക്കും. ഒരു വര്‍ഷം മാത്രം കാലാവധിയിലാണ് എക്‌സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കിയത്.
72 പേരെ നിയമിച്ച ശേഷം പി.എസ്.സി റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ ബാക്കി നില്‍ക്കെയാണ് തിടുക്കപ്പെട്ട് റാങ്ക് ലിസ്റ്റ് റദ്ദാക്കിയത്.റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട വിമര്‍ശിക്കുന്ന ഉദ്യോഗാര്‍ഥികളെ വിലക്കാന്‍ എന്ത് അധികാരമാണ് പി.എസ്.സിക്കുള്ളത്. ഇതിനെതിരേ യു.ഡി.എഫും യുവജന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും മുനീര്‍ മുന്നറിയിപ്പു നല്‍കി.
നിയമനം ലഭിക്കാതിരുന്നത്
റാങ്ക് കുറഞ്ഞതിനാല്‍: പി.എസ്.സി
തിരുവനന്തപുരം: ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പി.എസ്.സി. സിവില്‍ എക്‌സൈസ് ഓഫിസര്‍ തസ്തികയില്‍ റാങ്ക് ലിസ്റ്റില്‍ 72 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിരുന്നുവെന്നും 77 ാം റാങ്ക് ആയതനിലാണ് അനു.എസ് നിയമന ശുപാര്‍ശയില്‍ ഉള്‍പ്പെടാതിരുന്നതെന്നും പി.എസ്.സി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഈ തസ്തികയില്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതല്ല. ഈ വര്‍ഷം ജൂണ്‍ 19ന് അതിന്റെ കാലാവധി പൂര്‍ത്തിയായതാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടിന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷമായിരുന്നു. അതനുസരിച്ച് ഈ വര്‍ശം ഏപ്രില്‍ ഏഴിന് കാലാവധി അവസാനിക്കേണ്ടതായിരുന്നെങ്കിലും കൊവിഡ് വ്യാപനം മൂലം ജൂണ്‍ വരെ കാലാവധി നീട്ടിയിരുന്നുവെന്നും യുവാവ് ആത്മഹത്യ ചെയ്തത് ഖേദകരമാണെന്നും പി.എസ്.സി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
യൂത്ത് ലീഗ് പ്രതിഷേധം ഇന്ന്; സര്‍ക്കാരിനെ പ്രതീകാത്മകമായി തൂക്കിലേറ്റും
കോഴിക്കോട്: പി.എസ്.സി റാങ്ക് പട്ടികയില്‍ 76ാം റാങ്ക് ലഭിച്ചിട്ടും ലിസ്റ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ അനുവിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു.
അനുവിന്റെ മരണത്തിന് ഉത്തരവാദികള്‍ സംസ്ഥാനം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ ആണ്. പി.എസ്.സി വഴി നിയമനം ലഭിക്കേണ്ട ഉദ്യോഗാര്‍ഥികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ച് തിരുവോണ ദിനമായ ഇന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇടത് സര്‍ക്കാറിനെ പ്രതീകാത്മകമായി തൂക്കിലേറ്റും. സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലം ആസ്ഥാനത്തും പരിപാടി സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉദ്യോഗാര്‍ഥികളോട് കടുത്ത അനീതിയാണ് കാണിക്കുന്നത്. എസ്.എഫ്.ഐക്കാര്‍ക്ക് റാങ്ക് പട്ടികയില്‍ മുന്നിലെത്താന്‍ സൗകര്യം ഒരുക്കുകയും പഠിച്ച് റാങ്ക് പട്ടികയില്‍ ഇടം നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നിഷേധിക്കുകയും ചെയ്യുന്ന നിലപാടാണ് പി.എസ്.സിയും സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്നതെന്നും ഇരുവരും പറഞ്ഞു.
ഒരൊഴിവും ബാക്കിയില്ലെന്ന് എക്‌സൈസ്
തിരുവനന്തപുരം: റാങ്ക് ലിസ്റ്റില്‍ 77 ാം റാങ്ക് നേടിയിട്ടും നിയമനം ലഭിക്കാതെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി എക്‌സൈസ്. തിരുവനന്തപുരം ജില്ലയില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍ തസ്തികയില്‍ ഒരൊഴിവും ബാക്കിയില്ലെന്നും ആകെയുണ്ടായിരുന്ന 54 ഒഴിവുകളിലേക്കും നിയമനം നടത്തിയെന്നും എക്‌സൈസ് കമ്മിഷണര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയിലെ സിവില്‍ എക്‌സൈസ് ഓഫിസര്‍ റാങ്ക് ലിസ്റ്റ് 8.4.2019 നാണു നിലവില്‍ വന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി ജൂണ്‍ 19 വരെ സര്‍ക്കാര്‍ നീട്ടിയിരുന്നു. ഈ തിയതി വരെ വകുപ്പില്‍ ഉണ്ടായിരുന്ന എല്ലാ ഒഴിവുകളും പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്തിരുന്നു. റാങ്ക് ലിസ്റ്റില്‍ 162 പേര്‍ മെയിന്‍ ലിസ്റ്റിലും 46 പേര്‍ സ്പ്ലിമെന്ററി ലിസ്റ്റിലും ഉണ്ടായിരുന്നു. ആകെ 72 പേര്‍ക്കാണ് നിയമന ശുപാര്‍ശ നല്‍കിയത്. ഇതിനു പുറമേ കോടതി നിര്‍ദേശിച്ച പ്രകാരമുള്ള 73 താല്‍ക്കാലിക ഒഴിവുകള്‍ കൂടി തിരുവനന്തപുരം ജില്ലയില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇതില്‍ കോടതി അനുമതിയോടെ മാത്രമേ ശുപാര്‍ശ നല്‍കാനാകൂവെന്ന് നിര്‍ദേശമുണ്ട്.കൊവിഡിന്റെ സാഹചര്യത്തിലും നിയമനത്തിന് യാതൊരു വീഴ്ചയും വകുപ്പ് വരുത്തിയിട്ടില്ല. നിയമനം നല്‍കിയ എല്ലാ ഉദ്യോഗസ്ഥര്‍ക്കും
ഓണ്‍ലൈനായിപരിശീലനവും ആരംഭിച്ചിട്ടുണ്ടെന്നും എക്‌സൈസ് കമ്മിഷണര്‍ വ്യക്തമാക്കി.
അതേസമയം 2019ല്‍ നിലവില്‍ വന്ന 3205 അംഗ സിവില്‍ എക്‌സ്സൈസ് ഓഫിസര്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് കേവലം 416 നിയമനങ്ങള്‍ മാത്രമാണ് സംസ്ഥാനത്തൊട്ടാകെ നടന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും കൊവിഡ് സാഹചര്യത്തിലും റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസമെങ്കിലും നീട്ടണമെന്ന ആവശ്യം പി എസ് സി അംഗീകരിക്കാതിരുന്നതുമാണ് അനുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."