കോണ്‍ഗ്രസ് ഒപ്പമുണ്ടെന്ന് രാഹുല്‍ ഗാന്ധി
തൃശൂര്‍: പ്രകൃതിദുരന്തത്തില്‍ നിരാലംബരായവര്‍ക്കൊപ്പം കോണ്‍ഗ്രസുണ്ടാകുമെന്ന് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചാലക്കുടി വി.ആര്‍ പുരം കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാംപിലെ അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തത്തോട് ഒറ്റക്കെട്ടായി പൊരുതിയ കേരളജനതയെ രാഹുല്‍ അഭിനന്ദിച്ചു. പ്രയാസമേറിയ കാലഘട്ടമാണ് ഇനിയുണ്ടാവുക. അതിനോട് പൊരുതാന്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമനസോടെ ദുരിതബാധിതര്‍ക്കൊപ്പമുണ്ടാകും. വീടുകള്‍ ശുചീകരിക്കുന്നതിന് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു. തന്നോടൊപ്പം രാജ്യവും കേരളത്തിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
എ.ഐ.സി.സി ജന. സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, മുകുള്‍ വാസ്‌നിക്, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍, എ.ഐ.സി.സി പ്രവര്‍ത്തകസമിതിയംഗം കെ.സി വേണുഗോപാല്‍, അനില്‍ അക്കര എം.എല്‍.എ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ചാലക്കുടി വി.ആര്‍ പുരത്തെ ക്യാംപില്‍ 45 മിനിട്ടു ചെലവഴിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്.
അങ്കമാലി: നേരത്തേ നിശ്ചയിച്ചിരുന്ന സന്ദര്‍ശന സ്ഥലങ്ങളില്‍ പൊടുന്നനെ മാറ്റംവരുത്തിയാണ് രാഹുല്‍ അങ്കമാലിയിലെ ക്യാംപിലെത്തിയത്. റോജി എം. ജോണ്‍ എം.എല്‍.എയുടെ അഭ്യര്‍ഥന പ്രകാരമാണ് അങ്കമാലി ക്യാംപ് സന്ദര്‍ശിച്ചത്.
സര്‍ക്കാരിന്റെ ധനസഹായം കിട്ടിയോയെന്ന ചോദ്യത്തോടെയാണ് രാഹുല്‍ ക്യാംപിലുള്ളവരോട് സംസാരിച്ചു തുടങ്ങിയത്. സര്‍ക്കാര്‍ സഹായം കിട്ടിയില്ലെന്നായിരുന്നു ക്യാംപിലുള്ളവരുടെ മറുപടി. 30, 40 വര്‍ഷംകൊണ്ട് ഉണ്ടാക്കിയതെല്ലാം ഒറ്റ രാത്രികൊണ്ട് നഷ്ടപ്പെട്ടതിന്റെ ദുഃഖം എനിക്ക് മനസിലാകും. നിങ്ങളെ നേരിട്ടു കാണാനാണ് വന്നത്. മതത്തിനും ജാതിക്കും അതീതമായി പ്രവര്‍ത്തിച്ച് ദുരന്തത്തെ അതിജീവിച്ചതില്‍ അഭിമാനമുണ്ട്. ഇക്കാര്യത്തില്‍ കേരളം രാജ്യത്തിനു മാതൃകയാണ്.
ഒട്ടേറെ ദുരിതാശ്വാസ ക്യാംപുകളില്‍ പോയി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് വൈകിവന്നത്. നിര്‍ഭാഗ്യവശാല്‍ കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് അധികാരത്തിലില്ല. എങ്കിലും ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും.
കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പരമാവധി സഹായം നല്‍കാന്‍ നിര്‍ദേശം നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ എന്നിവര്‍ രാഹുല്‍ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് അത്താണി സെന്റ് ഫ്രാന്‍സിസ് അസീസി സ്‌കൂളിലും ദുരിതബാധിതരെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.
എയര്‍ ആംബുലന്‍സിന് വഴിയൊരുക്കി രാഹുല്‍
ആലപ്പുഴ: ഹൃദ്‌രോഗിയായ സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോകാനെത്തിയ എയര്‍ ആംബുലന്‍സിന് പോകാനായി രാഹുല്‍ ഗന്ധി തന്റെ യാത്ര വൈകിപ്പിച്ചു. ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ആശ്വസിപ്പിച്ച് ആലപ്പുഴക്ക് തിരിക്കാന്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെ ഹെലികോപ്ടറിനടുത്തെത്തിയപ്പോഴാണ് സംഭവം.
ആലപ്പുഴയിലെത്താനുള്ള സമയം ഏറെ വൈകിയെങ്കിലും രോഗിയെ കൊണ്ടുപോയ ശേഷം മാത്രം തന്റെ യാത്ര മതിയെന്ന് രാഹുല്‍ തീരുമാനിക്കുകയായിരുന്നു. ചെങ്ങന്നൂര്‍ നഗരസഭാ പ്രദേശത്തെ പാണ്ഡവന്‍പാറയിലെ വെള്ളപ്പൊക്ക ദുരിതബാധിതരുടെ ക്യാംപില്‍ കഴിഞ്ഞിരുന്ന മറിയ (67)യെയാണ് എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെത്തിയിരുന്നത്.
108 ആംബുലന്‍സില്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെ ഹെലിപ്പാഡില്‍ ഇവരെ എത്തിക്കുകയായിരുന്നു. സന്ദര്‍ശനം കഴിഞ്ഞെത്തി ഹെലികോപ്ടറില്‍ കയറിയപ്പോഴാണ് എയര്‍ ആംബുലന്‍സ് കിടക്കുന്നത് രാഹുല്‍ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് താഴെയിറങ്ങി അരമണിക്കൂറോളം കാത്തുനില്‍ക്കുകയും രോഗിയെ സമീപത്തുചെന്നു കാണുകയും ചെയ്തു.
ദുരിതാശ്വാസത്തിന് മുപ്പത് വര്‍ഷം പഴക്കമുള്ള ടൂത്ത് ബ്രഷും
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാംപിലേക്ക് ഉപയോഗ ശൂന്യമായതും പഴകിയതുമായ സാധനങ്ങള്‍ സംഭാവനയായി നല്‍കരുതെന്ന അഭ്യര്‍ഥന പലരും കേള്‍ക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്.
ആലപ്പുഴ അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞ ദിവസം ലഭിച്ച സാധനങ്ങളുടെ കൂട്ടത്തില്‍ 30 വര്‍ഷം പഴക്കമുള്ള ടൂത്ത് ബ്രഷ് കണ്ടെത്തി. 1988 മെയ് മാസം നിര്‍മിച്ച ഈ ടൂത്ത് ബ്രഷിന്റെ വില രേഖപ്പെടുത്തിയിരിക്കുന്നത് 2.50 രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."