17ാം വയസ്സില്‍ മാനസിക ആശുപത്രിയിലായി, മൂന്നുവര്‍ഷം കഴിഞ്ഞ് മോചനം, ഭ്രാന്തമായി സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ യാത്ര ചെയ്ത പൗലോ കൊയ്‌ലോയുടെ കഥ.
പെലെ, റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞ്യോ, സീക്കോ, സോക്രട്ടീസ് തുടങ്ങിയ ലോകപ്രസിദ്ധ ഫുട്‌ബോളര്‍മാരുടെ ജന്മഭൂമി,
ആമസോണ്‍ കാടുകളുടെ നാട്. ഇങ്ങനെ പല നിലകളില്‍ മലയാളികള്‍ക്ക് പരിചയമുള്ള ബ്രസീല്‍ എന്ന രാജ്യത്ത്, റയോദി ജനീറോ എന്ന സ്ഥലത്ത് 1947 ല്‍ പിറന്നുവീണ ഒരു ആണ്‍കുഞ്ഞിന്റെ കഥയാണ് പറയുന്നത്. സ്വപ്‌നങ്ങള്‍ക്കു പിന്നാലെ സഞ്ചരിച്ച്, വിചിത്രാനുഭവങ്ങളിലൂടെ കടന്നുപോവേണ്ടിവന്ന കഥ.
പിതാവ് എന്‍ജിനീയറായിരുന്നു. ഒരു ജസ്യൂട്ട് സ്‌കൂളിലായിരുന്നു പഠനം. പഠിക്കുന്ന കാലത്തുതന്നെ ആ കുട്ടി വീട്ടുകാര്‍ക്കു മുന്നില്‍ ജീവിതലക്ഷ്യം പ്രഖ്യാപിച്ചു.
'എനിക്ക് എഴുത്തുകാരനാവണം!'
പിതാവ് എന്‍ജിനീയറാണ്. അപ്പോള്‍ എന്‍ജിനീയറാവണമെന്ന് തീരുമാനിയ്ക്കാം. അല്ലെങ്കില്‍ ഡോക്ടറോ കമ്പനി എക്‌സിക്യൂട്ടീവോ പ്രൊഫസറോ അഭിഭാഷകനോ ആവാന്‍ മോഹിക്കാം. നാട്ടുനടപ്പ് ഇതൊക്കെയാണല്ലോ! പക്ഷെ സ്‌കൂള്‍കാലം കഴിയാറാവുന്ന ഘട്ടത്തില്‍ ഒരു കുട്ടി എഴുത്തുകാരനായി ജീവിക്കുമെന്ന് പ്രഖ്യാപിക്കുക!!
ഇതിലെന്തോ കുഴപ്പമില്ലേ?
കാലം 1947 ആണെന്നോര്‍ക്കണം.
സ്‌നേഹമയിയായ അമ്മ മകന്റെ ഈ മണ്ടന്‍ സ്വപ്‌നവാര്‍ത്ത കേട്ട് ഞെട്ടി. അവര്‍ ചോദിച്ചു:
'പൊന്നുമോനേ, നിന്റെ ഡാഡി ഒരു എന്‍ജിനീയറാണ്. ലോകവിവരമുള്ള, ബുദ്ധിമാനായ മനുഷ്യന്‍. എന്നിട്ടും നീയെന്താ ഇങ്ങനെ മണ്ടന്‍ സ്വപ്‌നങ്ങള്‍ കാണുന്നത്?'
പക്ഷെ എത്ര പറഞ്ഞിട്ടും ഒരു രക്ഷയുമില്ല. മകന്റെ മണ്ടന്‍ ആശയത്തിന് യാതൊരു മാറ്റവുമില്ല! സംഗതി വെറും വട്ട്!! അല്ലാതെന്തു പറയാന്‍!! അതിന് പരിഹാരം മാനസികരോഗാശുപത്രി തന്നെ!! അങ്ങനെ 17ാം വയസ്സില്‍ ആ പയ്യന്‍ മാനസിക രോഗാശുപത്രിയിലായി!!
മൂന്നുവര്‍ഷം കഴിഞ്ഞാണ് മോചനം സാധ്യമായത്. തുടര്‍ന്ന് എഴുതിജീവിക്കുകയെന്ന സ്വപ്‌നം ഉപേക്ഷിച്ച്, മാതാപിതാക്കളുടെ ആഗ്രഹംപോലെ, നിയമം പഠിക്കാന്‍ ചേര്‍ന്നു.
പക്ഷെ, ഉള്ളിന്റെ ഉള്ളിലെ തീ എങ്ങനെ അണയാന്‍? ഹൃദയത്തെ മഥിക്കുന്ന സ്വപ്‌നങ്ങളില്‍നിന്ന് എങ്ങനെ നൂറുശതമാനം മോചിതനാവാന്‍? ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ നിയമപഠനം വലിച്ചെറിഞ്ഞ് അവന്‍ ചേര്‍ന്നത് ഹിപ്പികള്‍ക്കൊപ്പം! (1960 കളില്‍ അമേരിക്കയില്‍ പടര്‍ന്നുപിടിച്ച ഒരു സവിശേഷ ജീവിതശൈലിയായിരുന്നു ഹിപ്പിയിസം. മുടിയും താടിയും നീട്ടിവളര്‍ത്തി, വസ്ത്രഭംഗിയിലൊന്നും ശ്രദ്ധയില്ലാതെ, മയക്കുമരുന്നിന്റെ ലഹരിയില്‍ വ്യത്യസ്ത ജീവിതം നയിച്ചവരായിരുന്നു ഹിപ്പികള്‍. ഇങ്ങ് കേരളത്തില്‍പ്പോലും ഹിപ്പിയിസം അനുകരിക്കാന്‍ അക്കാലത്ത് യുവാക്കളുണ്ടായി).
ഹിപ്പിക്കൂട്ടുകാര്‍ക്കൊപ്പം ആ പയ്യന്‍ മെക്‌സിക്കോയിലും ആഫ്രിക്കയിലും ദക്ഷിണ അമേരിക്കയിലും കറങ്ങിനടന്നു. പിന്നീട് ബ്രസീലില്‍ തിരിച്ചെത്തി ഏതാനും കവിതകളെഴുതി. അസാധാരണവും അത്ഭുതകരവുമായ ഏതാനും കവിതകള്‍! ബ്രസീലിലെ അക്കാലത്തെ ഏറ്റവും മികച്ച ഗായകര്‍ അവ പാടി അത്യന്തം ജനകീയമാക്കി. പക്ഷെ ഭരണം നടത്തിയിരുന്ന പട്ടാളഭരണകൂടം, മാനവ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആ കവിതകള്‍ ആപത്കരമെന്നും ഇടതുപക്ഷപാതപരമെന്നും പറഞ്ഞ് കവിയെ തടങ്കലിലാക്കി. ക്രൂരമര്‍ദ്ദനത്തിന് അയാള്‍ ഇരയായി.
പക്ഷെ സര്‍ഗശക്തിയെ തളച്ചിടാന്‍ ഒന്നിനും സാധ്യമായില്ല.
ഭ്രാന്താലയമായാലും ജയിലായാലും സ്വപ്‌നങ്ങളുടെ പിന്നാലെ യാത്രചെയ്യുന്നവന് യാതൊന്നും തടസ്സമാവില്ല.
ജയില്‍കാലം കഴിഞ്ഞ് വടക്കന്‍ സ്‌പെയിനില്‍ 500 കിലോമീറ്ററോളം ദൂരം കാല്‍നടയായി സഞ്ചരിച്ചു. തനിക്കെന്താവണം എന്നതിനെക്കുറിച്ച് വീണ്ടും വീണ്ടും ആലോചിച്ചു. എഴുത്തുതന്നെയെന്ന് അയാളുടെ മനസ്സ് ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് സൃഷ്ടികളുടെ കാലം വരവായി.
ദി പില്‍ഗ്രിമേജ് ആയിരുന്നു ആദ്യപുസ്തകം. യാത്രകളിലെ സ്വന്തം അനുഭവങ്ങളും പരിചയപ്പെട്ട സാധാരണമനുഷ്യരുടെ ജീവിതങ്ങളിലെ അസാധാരണ അനുഭവങ്ങളും ചേര്‍ന്നതായിരുന്നു ആ കൃതി.
മൂന്നാമത്തെ സൃഷ്ടി 1988 ല്‍ പുറത്തിറങ്ങി. പോര്‍ച്ചുഗീസ് ഭാഷയില്‍ അല്‍ക്യുമിസ്ത (Alquimitsa) എന്നായിരുന്നു വരാനിരിക്കുന്ന ലോകത്തെ അത്ഭുതം കൊള്ളിക്കാനിരുന്ന ആ കൃതിയുടെ പേര്. അഞ്ചു വര്‍ഷം കഴിഞ്ഞ് ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി. പേര് ദി ആല്‍ക്കമിസ്റ്റ് (The Alchemest). പിന്നീട് മലയാളമുള്‍പ്പെടെ എഴുപതിലേറെ ലോകഭാഷകളിലും പരിഭാഷകളെത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ നോവലുകളിലൊന്ന്!
ലോകപ്രസിദ്ധമായ ഒരു വാക്യമുണ്ട് ആല്‍ക്കമിസ്റ്റില്‍.
'When you want something, all the univ-erse conspires in helping you to achiev-e it.'
ബ്രസീലിലെ ആ എഴുത്തുകാരന്റെ പേര് ഇനി പറയേണ്ടതില്ലല്ലോ!
പൗലോ കൊയ്‌ലോ ഇങ്ങു കേരളത്തിലെ സ്‌കൂള്‍കുട്ടികള്‍ക്കു പോലും സുപരിചിതന്‍!
ആട്ടിന്‍പറ്റങ്ങളെ മേച്ചുനടന്ന സാന്റിയാഗോ എന്ന ഇടയബാലന്‍ താന്‍ സ്വപ്‌നംകണ്ട നിധി തേടി സഞ്ചരിക്കുന്ന കഥയാണ് ആല്‍ക്കമിസ്റ്റ്.
ലക്ഷ്യത്തിലെത്താന്‍ അതിതീവ്രമായി ആഗ്രഹിക്കുകയും അതിനായി നിരന്തരം ഉല്‍സാഹം വറ്റാതെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍, അതു കൈക്കലാക്കുന്നതിന് ലോകം നമ്മെ സഹായിക്കും എന്ന ആല്‍ക്കമിസ്റ്റിലെ ദര്‍ശനം എക്കാലത്തെയും യുവതലമുറയ്ക്ക് പ്രചോദനമാവും.
പൗലോ കൊയ്‌ലോയുടെ ഈ വാക്യം കൂടി കാണുക.
'Be brav-e. Take risks. Nothing can sutsbitute experience'.
സ്വന്തം അഭിലാഷങ്ങള്‍ വെറും ഭ്രാന്താണെന്ന് കരുതി മാനസികരോഗാശുപത്രിയിലാക്കിയ മാതാപിതാക്കളെക്കുറിച്ച് പൗലോ പില്‍ക്കാലത്ത് പറഞ്ഞ വാക്കുകളും ശ്രദ്ധേയം. യുവജനത മനസ്സിരുത്തി ഓര്‍ക്കേണ്ടതാണ്.
'എന്നെ വേദനിപ്പിക്കാന്‍ അവര്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. എന്നെ നശിപ്പിക്കാനായിരുന്നില്ല, രക്ഷപ്പെടുത്താനായിരുന്നു അവരുടെ പ്രവൃത്തികള്‍.'
മാതാപിതാക്കള്‍ പറയുന്നത് തനിക്കിഷ്ടപ്പെടാത്ത കാര്യങ്ങളായാലും അവരുടെ ഉദ്ദേശ്യ ശുദ്ധിയെ സംശയിക്കരുത് എന്നതുതന്നെ അതു നല്‍കുന്ന സന്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."