പ്രളയം: കരകയറാനാകാതെ പ്ലൈവുഡ് വ്യവസായ മേഖല
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായ മേഖല കരകയറാനാകാതെ ദുരിതത്തില്‍. സംസ്ഥാനത്തെ 650 പ്ലൈവുഡ് കമ്പനികളില്‍ 450ഉം സ്ഥിതി ചെയ്യുന്നത് പെരുമ്പാവൂരിലാണ്. ഇതില്‍ എഴുപതോളം കമ്പനികളാണ് പ്രളയക്കെടുതിയില്‍പ്പെട്ടത്.
ഏതാണ്ട് 80 കോടിയുടെ നഷ്ടമാണ് പ്ലൈവുഡ് കമ്പനികള്‍ക്കുണ്ടായിരിക്കുന്നത്. ഒരു കോടി മുതല്‍ മൂന്ന് കോടി വരെ നഷ്ടം 40 കമ്പനികള്‍ക്കുണ്ടായപ്പോള്‍ 30 കമ്പനികള്‍ക്ക് 10 ലക്ഷം മുതല്‍ 50 ലക്ഷം വരെ നഷ്ടമാണുണ്ടായത്. ഇവിടങ്ങളില്‍ ജോലി ചെയ്തിരുന്ന അരലക്ഷത്തോളം തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും ഇത് സാരമായി ബാധിച്ചു.
നിര്‍മാണം പൂര്‍ത്തിയാക്കിയ ആയിരക്കണക്കിന് ഷീറ്റ് പ്ലൈവുഡും അസംസ്‌കൃതവസ്തുക്കളും വെള്ളപ്പൊക്കത്തില്‍ നശിച്ചപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ യന്ത്രസാമഗ്രികള്‍ വെള്ളംകയറി നിശ്ചലാവസ്ഥയിലായി. പ്രളയം ബാധിക്കാത്ത കമ്പനികളാകട്ടെ അസംസ്‌കൃത വസ്തുക്കളും തൊഴിലാളികളും ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.
തൊഴിലാളികളില്‍ 90 ശതമാനവും ഇതരസംസ്ഥാനത്തുള്ളവരായതിനാല്‍ പ്രളയത്തെ തുടര്‍ന്ന് അവര്‍ നാട്ടിലേക്ക് പോയിരിക്കുകയാണ്. പ്ലൈവുഡ് നിര്‍മാണത്തിനുവേണ്ട അസംസ്‌കൃത വസ്തുവായ മരം കൊണ്ടുവരാന്‍ സാധിക്കാത്തതാണ് ഏറ്റവും വലിയ പ്രതിസന്ധി. നിലമ്പൂര്‍, തിരുവനന്തപുരം, കുലശേഖരം, ഇടുക്കി, പത്തനംതിട്ട, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് മരം എത്തിക്കുന്നത്. ഇവിടങ്ങളിലേക്കുള്ള ഗതാഗതസംവിധാനം തടസപ്പെട്ടതിനാല്‍ മരം എത്തിക്കാന്‍ കഴിയുന്നില്ല. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കും ദുബൈ, തുര്‍ക്കി, ഖത്തര്‍, റിയാദ് തുടങ്ങിയ രാജ്യങ്ങളിലേക്കുമാണ് പെരുമ്പാവൂരില്‍ നിര്‍മിക്കുന്ന പ്ലൈവുഡ് കയറ്റി അയക്കുന്നത്. നിര്‍മാണം 30 ശതമാനമായി കുറഞ്ഞതിനാല്‍ കയറ്റുമതി നിലച്ച അവസ്ഥയിലാണ്. നാട്ടിലുള്ള തൊഴിലാളികളെ കമ്പനി ഉടമകള്‍ ഇടപെട്ട് വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."