ഉയര്‍ന്ന പോളിങ് ശതമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍
കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതില്‍ നിന്നും കൊല്ലത്തെ പോളിങ് ശതമാനം ഉയര്‍ന്നതില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍. അതേസമയം പ്രതീക്ഷിച്ച മുഴുവന്‍ വോട്ടുകള്‍ പെട്ടിയിലായതായി ബി.ജെ.പി നേതൃത്വം. ന്യൂനപക്ഷ മേഖലകളിലും മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് ഇരു മുന്നണികളും കണക്ക് കൂട്ടുന്നത്. വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 72.12 ആയിരുന്നു കൊല്ലത്തെ പോളിങ് ശതമാനം.
ഇക്കുറി 2.28 ശതമാനം ഉയര്‍ന്ന് അത് 74.40 ആയി. യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളായ ചവറ, കൊല്ലം എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. എല്‍.ഡി.എഫ് സംഘടനാ സംവിധാനം ചവറയിലും കൊല്ലത്തും ശക്തമായി പ്രവര്‍ത്തിച്ചതോ പരമ്പരാഗത യു.ഡി.എഫ് വോട്ടുകള്‍ പെട്ടിയിലായതോ ആകാം ഇവിടങ്ങളില്‍ പോളിങ് കൂടാന്‍ കാരണം. കൊല്ലത്ത് നിക്ഷ്പക്ഷ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് യു.ഡി.എഫ് നേരത്തെ കണക്ക് കൂട്ടിയിരുന്നു. തീരപ്രദേശം ഉള്‍പ്പെടുന്നത് ഈ മേഖലയിലാണ്. ചടയമംഗലം, പുനലൂര്‍ ചാത്തന്നൂര്‍ കുണ്ടറ തുടങ്ങിയ പരമ്പരാഗത എല്‍.ഡി.എഫ് കോട്ടകളില്‍ താരതമ്യേന പോളിങ് കുറവായിരുന്നു.
ഉച്ചയ്ക്ക് മുന്‍പു തന്നെ ഇവിടങ്ങളില്‍ പാര്‍ട്ടി വോട്ടുകള്‍ പോള്‍ ചെയ്‌തെന്നാണ് എല്‍.ഡി.എഫ് കണക്കു കൂട്ടല്‍. ന്യൂനപക്ഷ സാന്നിധ്യമുള്ള ഇരവിപുരത്ത് കഴിഞ്ഞ തവണ യു.ഡി.എഫിന് കിട്ടിയ മേല്‍ക്കൈ ഇത്തവണ ഭിന്നിപ്പിക്കാനായെന്നും ഇടത് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു. മറ്റ് മണ്ഡലങ്ങളിലേതുപോലെ എന്‍.എസ്.എസ് കൊല്ലത്ത് എല്‍.ഡി.എഫിനെ കാര്യമായി എതിര്‍ത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമത് എത്തിയ ചാത്തന്നൂര്‍ ഉള്‍പ്പെടെ എല്ലായിടങ്ങളിലും സ്ത്രീ വോട്ടര്‍മാരുടെ മികച്ച സാന്നിധ്യം ഗുണം ചെയ്യുമെന്ന് ബി.ജെ.പി കരുതുന്നു. വോട്ട് ചോരുമെന്ന് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗത്തിന്റെ ആരോപണം ബി.ജെ.പിയെ ഒറ്റക്കെട്ടാക്കിയെന്നും അവര്‍ വിശ്വസിക്കുന്നു. എങ്കിലും ബി.ജെ.പി ആകെ പിടിക്കുന്ന വോട്ട് എഴുപതിനായിരത്തില്‍ താഴ്ന്നാല്‍ പ്രതീക്ഷ വേണ്ടെന്നാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."