ശാപമോക്ഷം ലഭിക്കാതെ മുക്കം ഐ.എച്ച്.ആര്‍.ഡി കോളജ്
ആഷിഖ് അലി ഇബ്രാഹിം
മുക്കം: ഐ.എച്ച്.ആര്‍.ഡി കോളജിനായി രണ്ടര കോടി രൂപ മുതല്‍മുടക്കില്‍ മൂന്നര വര്‍ഷം മുന്‍പ് കെട്ടിടം നിര്‍മിച്ചിട്ടും ഇപ്പോഴും സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ലക്ഷങ്ങള്‍ വാടക നല്‍കി.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്‍കിയ ഒരേക്കര്‍ സ്ഥലത്ത് മനോഹരമായ ഇരുനില കെട്ടിടം നിര്‍മിച്ചത്. സി. മോയിന്‍കുട്ടി എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ടര കോടി ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്.
കെട്ടിടത്തിന്റെ പെയിന്റിങും നിലത്ത് ടൈല്‍ വിരിക്കുന്നത് ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവൃത്തികളും നാട്ടുകാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് റോഡ് നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. ഇനി റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവര്‍ത്തിയും കുടിവെള്ള പദ്ധതിയും മാത്രമാണ് ബാക്കിയുള്ളത്. ഇതിന് തുക അനുവദിച്ചതുമാണ്. എന്നാല്‍ പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള ഒരു നടപടിയും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
മുക്കത്ത് നിന്നും ഏഴ് കിലോമീറ്റര്‍ മാത്രം ദൂരെയുള്ള പുതിയ കെട്ടിടത്തിലേക്ക് നല്ല ഗതാഗത സൗകര്യവും ഉണ്ട്. റോഡ് സൗകര്യമുള്ളതിനാല്‍ അരീക്കോട്, മുക്കം, തോട്ടുമുക്കം ഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വലിയ പ്രയാസമില്ലാതെ ഇവിടേക്ക് എത്തിപ്പെടാന്‍ സാധിക്കുമെന്നതും അനുകൂല ഘടകമാണ്. രണ്ടു വര്‍ഷത്തിനകം പ്രവൃത്തി പൂര്‍ത്തീകരിച്ച് ക്ലാസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ കെട്ടിടമാണ് ഇപ്പോള്‍ എല്ലാ പണികളും പൂര്‍ത്തിയാക്കിയിട്ടും മൂന്നര വര്‍ഷമായി ഉദ്ഘാടനത്തിനായി കാത്തിരിക്കുന്നത്.
എന്നാല്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത് നിയമാനുസൃതമല്ലെന്നും കോളജ് മാറ്റം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസ വകുപ്പാണെന്നും അതില്‍ പഞ്ചായത്തിന് യാതൊന്നും ചെയ്യാനില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള റോഡുകള്‍ക്ക് എട്ട് മീറ്റര്‍ വീതി വേണമെന്നാണ് ചട്ടം. ഇവിടെ അത് പാലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പഞ്ചായത്തും എം.എല്‍.എയുമാണ് പ്രശ്‌നം ഐ.എച്ച്.ആര്‍.ഡി അധികൃതരുടേയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തേണ്ടതെന്നും അവര്‍ അത് ചെയ്യുന്നില്ലെന്നും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി സെയ്ദ് ഫസല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."