വിനോദ സഞ്ചാര സാധ്യതകള്‍ ഇവിടെ അനന്തം; വേണ്ടത് ലക്ഷ്യബോധമുള്ള നടപടികള്‍
കക്കട്ടില്‍: വിനോദ സഞ്ചാരികള്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ജില്ലയിലെ മലയോര മേഖല അധികൃതരാല്‍ അവഗണിക്കപ്പെടുന്നു. ജില്ലാ അതിര്‍ത്തിയാല്‍ നീണ്ടു കിടക്കുന്ന പശ്ചിമഘട്ട മലനിരകള്‍ അപൂര്‍വമായ സസ്യ- ജൈവസമ്പത്ത്, ഔഷധ സസ്യങ്ങള്‍, പക്ഷികള്‍ മൃഗങ്ങള്‍, കാട്ടാറുകള്‍, പ്രകൃതിദത്ത നീരുറവകള്‍ തുടങ്ങിയവ ഏവരുടെയും മനം കീഴടക്കുന്ന കാഴ്ചകളാണ്.
കുന്നുമ്മല്‍, നരിപ്പറ്റ, കായക്കൊടി, മരുതോങ്കര, കാവിലുംപാറ, കായക്കൊടി, വാണിമേല്‍ പഞ്ചായത്തുകളിലായാണ് വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളുള്ളത്. ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളില്‍ ഒന്നായ നാദാപുരംമുടി വയനാടന്‍ചുരത്തിന് സമീപം കാവിലുംപാറ നരിപ്പറ്റ പഞ്ചായത്തുകളോട് ചേര്‍ന്ന് നില്‍ക്കുന്ന വിനോദ സഞ്ചാര സാധ്യതയുള്ള കേന്ദ്രമാണ്. വയനാടിനോട് തൊട്ടടുത്ത് തന്നെയുള്ള കൊരണപ്പാറ മലയും, പ്രകൃതി സ്‌നേഹികളുടെ മനം കവരും. സൂര്യോദയവും, അസ്തമയവും അടുത്ത് കാണാനാവുന്നത് ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ഇതിനടുത്തുള്ള തണല്‍തട്ട് തടാകം കൊടുംവേനലിലും വറ്റാറില്ല. കാട്ടുമൃഗങ്ങള്‍ ദാഹമകറ്റുന്നത് ഇവിടെ നിന്നാണ്. കായക്കൊടി പഞ്ചായത്തിലെ ചങ്ങരംകുളത്തിനടുത്തുള്ള 'കൊളാട്ടാ' കടുത്ത വേനലില്‍ പോലും ജല സമൃദ്ധി കൊണ്ട് അനുഗ്രഹീതമാണ്. ഏകദേശം എട്ട് ഏക്കറോളം വിസ്തീര്‍ണ്ണമുള്ള ജലാശയമാണിത്. ശുദ്ധജല മത്സ്യങ്ങള്‍ കൊണ്ട് അനുഗൃഹീതമായ ഇവിടെ ദേശാടന പക്ഷികള്‍ എത്താറുണ്ട്. ഹിമാലയത്തില്‍ നിന്ന് വരുന്ന വലിയ കൊക്ക് ഏറെ ആകര്‍ഷണീയമായ കാഴ്ചയാണ്. കൊളാട്ടയില്‍ ബോട്ടിങ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കാനാവും. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ പ്രദേശം വിട്ടുകിട്ടാന്‍ പഞ്ചായത്തും നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന പ്രകൃതി സ്‌നേഹികളുടെ ആവശ്യം അംഗീകരിച്ചാല്‍ പ്രദേശത്തിന്റെ തന്നെ മുഖഛായ മാറും. മാസങ്ങള്‍ക്ക് മുന്‍പ് വകുപ്പ് മന്ത്രി കൊളാട്ട സന്ദര്‍ശിച്ചിരുന്നു. വാണിമേല്‍ പഞ്ചായത്തിലെ തിരി കക്കയം വെള്ളച്ചാട്ടം തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമാനമാണ്. കിഴക്കന്‍ മലയോര മേഖലയിലെ ഈ സ്ഥലങ്ങള്‍ ക്വാറി മാഫിയകളും, ഭൂമാഫിയകളും കൈയടക്കാന്‍ ശ്രമിക്കുന്നതും പദ്ധതികളെ വിലങ്ങുതടിയായി ബാധിക്കുന്നുണ്ട്. പ്രകൃതി സ്‌നേഹികളുടെയും നാട്ടുകാരുടെയും നിരന്തരമായ അഭ്യര്‍ഥന മാനിച്ച് ഇവ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശ വാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."