കുതിച്ചോടി ഇന്ത്യ
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിവസം ഇന്ത്യക്ക് കൂടുതല്‍ മെഡല്‍ നേട്ടം. ഒരു സ്വര്‍ണമടക്കം ഒന്‍പത് മെഡലുകളാണ് ഇന്ത്യ കഴിഞ്ഞ ദിവസം നേടിയത്. ഇതോടെ ഇന്ത്യക്ക് ഒന്‍പത് സ്വര്‍ണവും 19 വെള്ളിയും 22 വെങ്കലവുമുള്‍പ്പെടെ 50 മെഡലുകളായി.
പുരുഷന്‍മാരുടെ 800 മീറ്ററില്‍ മഞ്ജിത്ത് സിങ്ങാണ് ഇന്നലെ സ്വര്‍ണം നേടിയത്. 1:46:15 മിനുട്ട് കൊണ്ട് ഫിനിഷ് ചെയ്താണ് മാഞ്ജിത്ത് സ്വര്‍ണം നേടിയത്. കോഴിക്കോട് സ്വദേശിയായ ജിന്‍സണ്‍ ജോണ്‍സനാണ് ഈ ഇനത്തില്‍ വെള്ളി നേടിയത്. 1:46:35 മിനുട്ടുകൊണ്ട് ഓട്ടം പൂര്‍ത്തിയാക്കിയാണ് ജിന്‍സണ്‍ വെള്ളി നേടിയത്. 52 കി. ഗ്രാം വിഭാഗം വനിതകളുടെ കുറാഷില്‍ ഇന്ത്യന്‍ താരം പിങ്കി ബല്‍ഹാര, വനിതാ സിംഗിള്‍സ് വിംബിള്‍ഡനില്‍ പി. വി സിന്ധു, പുരുഷ, വനിതാ വിഭാഗം കോബൗണ്ട് അമ്പെയ്ത്ത്, മുഹമ്മദ് അനസ്, എം. ആര്‍ പൂവ്വമ്മ, ഹിമാ ദാസ്, ആരോക്യ രാജീവ് എന്നിവരടങ്ങുന്ന സംഘം മിക്‌സ്ഡ് റിലേ ഇനത്തിലും വെള്ളി നേടി.
പുരുഷ ടേബിള്‍ ടെന്നീസ് ടീം, മാലപ്രഭ യാദവ് (വനിതകളുടെ 52 കി. ഗ്രാം വിഭാഗം കുറാഷ് ) എന്നിവര്‍ വെങ്കലവും സ്വന്തമാക്കി. 200 മീറ്ററില്‍ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ഇന്ത്യന്‍ യുവ താരം ഹിമാ ദാസ് ഫൗള്‍ സ്റ്റാര്‍ട്ടിനെ തുടര്‍ന്ന് അയോഗ്യയായത് ഇന്ത്യക്ക് തിരിച്ചടിയായി.
കുറാഷില്‍ വെള്ളിയും വെങ്കലവും
കുറാഷില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍. 52 കിലോ വിഭാഗത്തില്‍ വെള്ളിയും വെങ്കലവുമാണ് ഇന്ത്യ നേടിയത്. ഇന്ത്യയുടെ മാലപ്രഭ യാദവാണ് 52 കിലോ വനിത വിഭാഗം സെമിയില്‍ പരാജയപ്പെട്ട് വെങ്കലം സ്വന്തമാക്കിയത്.
കുറാഷില്‍ സ്വര്‍ണ പ്രതീക്ഷയുണ്ടായിരുന്ന പിങ്കി ബല്‍ഹാര വെള്ളി കരസ്ഥമാക്കി. സെമിയില്‍ മാലപ്രഭ യാദവിനെ 10-0നു തകര്‍ത്ത ഉസ്ബക്കിസ്ഥാന്‍ താരത്തിനു മുന്നില്‍ അതേ സ്‌കോറിനു പിങ്കി ബാല്‍ഹാര അടിയറവു പറഞ്ഞപ്പോള്‍ കുറാഷില്‍ നിന്ന് സ്വര്‍ണമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുകയായിരുന്നു.
വെള്ളി മെഡല്‍ നേടിയ പിങ്കിയ്‌ക്കൊപ്പം മാലപ്രഭയുടെ വെങ്കല നേട്ടം കൂടി ചേരുമ്പോള്‍ ഇന്ത്യ 52 കിലോ വിഭാഗം വനിതകളുടെ മത്സരയിനത്തില്‍ മെച്ചപ്പെട്ട ഫലമാണ് സ്വന്തമാക്കിയിട്ടുള്ളത്.
ടേബിള്‍ ടെന്നിസില്‍ വെങ്കലം
ടേബിള്‍ ടെന്നിസില്‍ ഇന്ത്യന്‍ പുരുഷ ടീം വെങ്കലം നേടി. ദക്ഷിണ കൊറിയയോട് 3-0 ത്തിന് സെമിയില്‍ തോറ്റതിനെ തുടര്‍ന്നാണ് ഇന്ത്യക്ക് വെങ്കലം ലഭിച്ചത്. ഇതോടെയാണ് ഇന്ത്യയുടെ സത്യന്‍ ഗ്‌നശേഖരന്‍, അജന്ത ശരത് കമല്‍, ആന്റണി അമല്‍ രാജ് സഖ്യത്തിന് വെങ്കല മെഡല്‍ ലഭിച്ചത്.
അമ്പെയ്ത്തില്‍ വെള്ളി
അമ്പെയ്ത്ത് കോമ്പൗണ്ടണ്ട് ടീം ഇനത്തില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ വെള്ളിമെഡല്‍ നേടി. ടൈബ്രേക്കറില്‍ ദക്ഷിണ കൊറിയയോട് തോറ്റാണ് ഇന്ത്യന്‍ പുരുഷ ടീമിന് സ്വര്‍ണം നഷ്ടമായത്. രജത് ചൗഹാന്‍, അമന്‍ സെയ്‌നി, അഭിഷേക് വര്‍മ ടീമാണ് വെള്ളി നേടിയ ഇന്ത്യന്‍ സംഘം. 229-229 എന്ന സ്‌കോറിന് സമനിലയിലായതിനെ തുടര്‍ന്ന നടത്തിയ ടൈബ്രേക്കറില്‍ 29 ഷോട്ടിനാണ് ദ. കൊറിയ ജയിച്ചത്.
ഇന്ത്യന്‍ വനിതാ ടീമും ഫൈനലില്‍ ദക്ഷിണ കൊറിയയോടാണ് പരാജയപ്പെട്ടത്. ഫൈനലില്‍ ദക്ഷിണ കൊറിയ 231-228 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകളെ തോല്‍പ്പിച്ചത്. മുസ്‌കാന്‍ കിരാര്‍, മധുമിത കുമാരി, ജ്യോതി സുരേഖ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്കുവേണ്ടണ്ടി വെള്ളിമെഡല്‍ സ്വന്തമാക്കിയത്.
മികച്ച പോരാട്ടമാണ് ഇന്ത്യ ഫൈനലില്‍ കാഴ്ചവെച്ചതെങ്കിലും മൂന്നാമത്തെ സെറ്റിലെ പിഴവ് തിരിച്ചടിയായി. ആദ്യ സെറ്റ് ഇന്ത്യ നേടിയിരുന്നു. എന്നാല്‍, രണ്ടണ്ടാമത്തെയും മൂന്നാമത്തെയും സെറ്റ് ജയിച്ച് കൊറിയ സ്വര്‍ണമെഡല്‍ നേടുകയായിരുന്നു.
800 മീറ്ററില്‍ തിളങ്ങി മഞ്ജിത്തും ജിന്‍സണും
കഴിഞ്ഞ ദിവസം സമാപിച്ച പുരുഷന്‍മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ നിന്ന് ഇന്ത്യക്ക് ലഭിച്ചത് രണ്ട് മെഡലുകള്‍. മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ഇനം തന്നെയായിരുന്നു ഇത്. സെമി ഫൈനല്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യന്‍ താരങ്ങളായ ജിന്‍സണ്‍ ജോണ്‍സനും മഞ്ജിത് സിങ്ങും മികച്ച സമയം കണ്ടെത്തിയിരുന്നു. ജിന്‍സണായിരുന്നു സെമിയില്‍ ഒന്നാമതായി ഫിനിഷ് ചെയ്തത്. അഞ്ചാമനായി ഓട്ടം തുടര്‍ന്നിരുന്ന ജിന്‍സണ്‍ അവാസാന ലാപ്പില്‍ കുതിച്ചാണ് വെള്ളി സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്ത് ഓടിയിരുന്ന മഞ്ജിത്തിന്റെ മികച്ച കുതിപ്പാണ് അവസാനലാപ്പില്‍ സ്വര്‍ണത്തിലെത്തിയത്. 1:46:15 മിനുട്ട് കൊണ്ട് ഫിനിഷ് ചെയ്താണ് മഞ്ജിത്ത് സ്വര്‍ണം നേടിയത്. 1:46:35 മിനുട്ടുകൊണ്ട് ഓട്ടം പൂര്‍ത്തിയാക്കിയാണ് ജിന്‍സണ്‍ വെള്ളി നേടിയത്.
മിക്‌സഡ് റിലേയില്‍ വെള്ളി
ഹിമാ ദാസും, എം. ആര്‍ പൂവമ്മ, മുഹമ്മദ് അനസ്, അരോക്യ രാജീവ് എന്നിവരുള്‍പ്പെട്ട മിക്‌സഡ് റിലേ ടീമിനു വെള്ളി മെഡല്‍. മത്സരം 3:15:71 എന്ന സമയത്തില്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ ബഹറൈനു പിന്നില്‍ രണ്ടണ്ടാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. സ്വര്‍ണം നേടിയ ബഹ്‌റൈന്‍ 3:11:89 എന്ന സമയത്തിലാണ് റേസ് പൂര്‍ത്തിയാക്കിയത്. ആദ്യ ലാപ്പില്‍ അനസ് ഓടിയപ്പോള്‍ ഇന്ത്യ ബഹദൂരം മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം ലാപ്പിലോടിയ പൂവമ്മയെ ബഹ്‌റൈന്‍ താരം ഒലുവാക്കെമി അഡിക്കോയ മറികടക്കുകയായിരുന്നു. മൂന്നാം ലാപ്പില്‍ 400 മീറ്ററിലെ വേഗറാണി സല്‍വ നാസറിനൊപ്പം ഹിമദാസ് കുതിച്ചെങ്കിലും മുന്‍പിലെത്താനായില്ല. ആരോക്യ രാജീവിനു ബാറ്റണ്‍ കൈമാറിയപ്പോള്‍ ഇന്ത്യക്ക് വെള്ളി ഉറപ്പായിരുന്നെങ്കിലും ഒന്നാം സ്ഥാനത്തിന് വേണ്ടി പൊരുതി നോക്കാന്‍ പോലും ഇന്ത്യക്കായില്ല.
ഹോക്കിയില്‍ നിറഞ്ഞാടി ഇന്ത്യ
20 ഗോളിന് ശ്രീലങ്കയെ തറപറ്റിച്ചു
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യ ശ്രീലങ്കയെ ഗോളില്‍ മുക്കി. എതിരില്ലാത്ത 20 ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. പകുതി സമയത്ത് 7-0 എന്ന സ്‌കോറാണ് ഇന്ത്യ നേടിയത്. ബാക്കി 13 ഗോളുകളും മൂന്നും നാലും ക്വാര്‍ട്ടറുകളിലായിരുന്നു നേടിയത്. കളിയുടെ ആദ്യ മിനുട്ടില്‍ തന്നെ ഇന്ത്യ സ്‌കോറിങ്ങ് ആരംഭിച്ചു. രൂപീന്ദര്‍ സിങ്ങായിരുന്നു ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. ഗ്രൂപ്പ് ഘട്ട മത്സരത്തിലായിരുന്നു ഇന്ത്യയുടെ ഗോള്‍ വര്‍ഷം. ഇന്ത്യക്കായി ആകാശ് ദീപ് ആറു ഗോളുകള്‍ നേടി. രൂപീന്ദര്‍ സിങ്ങ്, ഹര്‍മന്‍ പ്രീത് സിങ്, മന്‍ദീപ് എന്നിവര്‍ ഹാട്രിക്ക് സ്വന്തമാക്കി. ലളിത് രണ്ട് ഗോളും. വിവേക്, ദില്‍പ്രീത് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ ദക്ഷിണ കൊറിയയെ 5-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയിരുന്നു. മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യ ഇതുവരെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ 76 ഗോളുകളാണ് അടിച്ചു കൂട്ടിയത്. മൂന്ന് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യക്ക് ഹോക്കിയില്‍ സ്വര്‍ണ പ്രതീക്ഷയുണ്ട്.
ഫൗള്‍ സ്റ്റാര്‍ട്ട്; ഹിമാ ദാസിനെ അയോഗ്യയാക്കി
ജക്കാര്‍ത്ത: വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഹിമാ ദാസിനെ അയോഗ്യയാക്കി പ്രഖ്യാപിച്ചു. സെമി ഫൈനലില്‍ ഫൗള്‍ സ്റ്റാര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഹിമയെ അയോഗ്യയാക്കിയത്. രണ്ടാം സ്റ്റാര്‍ട്ടില്‍ ബഹ്‌റൈന്‍ താരവും ഫൗള്‍ സ്റ്റാര്‍ട്ടായതിനെ തുടര്‍ന്ന് താരത്തെ കൂടി അയോഗ്യയാക്കി പ്രഖ്യാപിച്ചു. തുടര്‍ന്ന് ആറു പേര്‍ മാത്രമാണ് സെമിയില്‍ മത്സരിച്ചത്. ഈ ഇനത്തില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ ദ്യുതി ചന്ദ് യോഗ്യത നേടിയിട്ടുണ്ട്. 23:37 സെക്കന്‍ഡ് കൊണ്ടാണ് ദ്യുതി സെമിയില്‍ ഓട്ടം പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."