കണ്ണൂരില്‍ സി.പി.എം ഓഫിസിന് നേരെ അക്രമം; പിന്നില്‍ ലീഗാണെന്ന് ആരോപണം
തളിപ്പറമ്പ്: ബക്കളത്ത് സി.പി.എം ഓഫിസിന് നേരെ അക്രമം. മടയിച്ചാലിലെ ബക്കളം സി.പി.എം നോര്‍ത്ത് ബ്രാഞ്ച് കമ്മറ്റി ഓഫിസിന് നേരെയാണ് അക്രമം നടന്നത്. ഓഫിസും ചെഗുവേര ക്ലബ്ബും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പത്ത് ജനല്‍ചില്ലുകളാണ് ഇന്ന് പുലര്‍ച്ചെ അടിച്ചുതകര്‍ത്തത്. ഇന്നലെ രാത്രി 11 വരെ ഓഫിസില്‍ ആളുകളുണ്ടായിരുന്നു. മുകളിലേക്കുള്ള ഗോവണിയിലൂടെ കയറിയാണ് വടി ഉപയോഗിച്ച് ജനാലകള്‍ തകര്‍ത്തതെന്ന് കരുതുന്നു. സംഭവത്തിന് പിറകില്‍ മുസ്‌ലിം ലീഗാണെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു.
നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി പി.വി.സതീഷ്‌കുമാറിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തെരഞ്ഞെടുപ്പിന് ശേഷം നടന്ന നണിയൂര്‍ നമ്പ്രത്തെ അക്രമം, തെക്കേ ബക്കളത്തെ ലീഗ് ഓഫിസിനും അഷറഫിന്റെ ചിക്കന്‍സ്റ്റാളിനും നേരെ നടന്ന ബോംബാക്രമണം ഇപ്പോള്‍ മടയിച്ചാലിലെ ബക്കളം സി.പി.എം ഓഫിസിനു നേരെ നടന്ന അക്രമവും നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ത്തിരിക്കുകയാണ്. തളിപ്പറമ്പ് സി.ഐ എ.അനില്‍കുമാര്‍, എസ്.ഐ കെ.കെ.പ്രശോഭ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ കെ.മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."