പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം ഇരുട്ടില്‍
പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം ഇരുട്ടില്‍. പ്രവേശന മേഖല ഉള്‍പ്പടെ രാത്രിയായാല്‍ കൂരിരുട്ടിലാണ്. ബള്‍ബുകള്‍ എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒറ്റയെണ്ണവും കത്തുന്നില്ല.
രാത്രിയില്‍ വാഹനങ്ങളില്‍ വന്നിറങ്ങുന്ന വനിതകളടക്കമുള്ളവര്‍ ദിക്കറിയാതെ ഇരുട്ടില്‍ അലയേണ്ട ഗതികേടാണുള്ളത്. ചെമ്പനോട, മുതുകാട്, പൊന്‍ മലപ്പാറ, ചക്കിട്ടപാറ തുടങ്ങിയ മേഖലകളിലേക്കുള്ള റോഡുകളുടെ സംഗമ കേന്ദ്രം കൂടിയാണ് പെരുവണ്ണാമൂഴി.
രാത്രിയില്‍ ഇവിടെ എത്തുന്നവര്‍ പേടിയിലാണ് ലക്ഷ്യത്തിലേക്കുള്ള വാഹനം കിട്ടുന്നതു വരെ ജീവന്‍ പണയംവച്ച് നില കൊള്ളുന്നത്. മുന്‍പിവടെ പൊലിസ് സ്റ്റേഷനുണ്ടായിരുന്നത് യാത്രക്കാര്‍ക്ക് ആശ്വാസമായിരുന്നു. അതിവിടുന്ന് പോയതോടെ ആളുകള്‍ക്ക് ഭയം ഇരട്ടിച്ചു.
250 മീറ്റര്‍ ചുറ്റളവിലുള്ള ഭാഗം സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലമായതിനാല്‍ സ്വകാര്യ സ്ഥാപനങ്ങളോ വീടുകളോ ഇല്ലാത്തത് വിജനതയില്‍ ഭയാശങ്കയുടെ അളവു വര്‍ധിപ്പിക്കുകയാണ്. സന്ദര്‍ശക ഫീസിനത്തില്‍ ഓരോ മാസവും പതിനായിരങ്ങള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നുണ്ടെങ്കിലും പത്ത് ബള്‍ബു പോലും വാങ്ങിയിടാന്‍ ഫണ്ട് വിനിയോഗിക്കാത്തത് ജന വിരുദ്ധ നടപടിയാണെന്നാണ് നാട്ടുകാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."