സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും കോൺഗ്രസ്സ് പിന്മാറണമെന്ന് നവയുഗം
ദമാം: കൊറോണ ദുരിതം വിതയ്ക്കുന്ന ഈ കാലത്തും യാതൊരു അടിസ്ഥാനവുമില്ലാത്ത വിവാദങ്ങളും, അനാവശ്യ സമരങ്ങളും അക്രമ കൊലപാത രാഷ്ട്രീയവും നടത്തി കേരളപൊതുസമൂഹത്തിൽ നില നിൽക്കുന്ന സമാധാന അന്തരീക്ഷത്തെ തകർക്കുവാനുള്ള ശ്രമങ്ങളിൽ നിന്നും മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്സ് പാർട്ടി പിന്തിരിയണമെന്ന് നവയുഗം സാംസ്ക്കാരിക വേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
തിരുവനന്തപുരം വെഞ്ഞാറമൂടിൽ ഡിവൈഎഫ്ഐക്കാരായ രണ്ടു യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ നവയുഗം കേന്ദ്രകമ്മിറ്റി ശക്തമായി അപലപിച്ചു.
ലോകമെങ്ങുമുള്ള ജനത കൊറോണ രോഗവ്യാപനം കാരണം ദുരിതം അനുഭവിയ്ക്കുന്ന കാലമാണിത്. കേരളത്തിലെ സർക്കാരിന്റെ മികച്ച രോഗപ്രതിരോധ ആസൂത്രണപ്രവർത്തനങ്ങളുടെ ഫലമായി, മറ്റു സ്ഥലങ്ങളിൽ നിന്നും താരതമ്യേന മെച്ചപ്പെട്ട അവസ്ഥയാണ് കേരളത്തിൽ ഉള്ളത്. എന്നാൽ ആ സംവിധാനങ്ങളെ മുഴുവൻ തകർക്കുന്ന വിധത്തിൽ, രാഷ്ട്രീയലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ട്, യാതൊരു തെളിവുകളുടെയും പിൻബലമില്ലാത്ത കടലാസ് വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ട്, അനാവശ്യ സമരങ്ങൾ ഉണ്ടാക്കി, കേരളത്തിലെ തെരുവുകളെ രക്തക്കളമാക്കാനും, സാമൂഹികഅകലം ലംഘിച്ചു കൊണ്ട് കൊറോണ വ്യാപനം വേഗത്തിലാക്കാനുമാണ് ഇപ്പോൾ യു.ഡി.എഫ് ശ്രമിയ്ക്കുന്നത്. കേരളജനതയോടുള്ള വെല്ലുവിളിയാണിതെന്നും പ്രസ്‌താവന കുറ്റപ്പെടുത്തി.
വെഞ്ഞാറമൂട് കൊലപാതകകേസിലെ പ്രതികളെയും, അവരെ പറഞ്ഞയച്ചവരെയും മുഴുവൻ കണ്ടെത്തി ശിക്ഷ വാങ്ങിക്കൊടുക്കേണ്ട ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനുണ്ട്. അതോടൊപ്പം, ഇനിയും കൊലപാതക രാഷ്ട്രീയം ആവർത്തിരിക്കാതിരിയ്ക്കാനുള്ള ഉത്തരവാദിത്വം എല്ലാ രാഷ്ട്രീയ സംഘടനകൾക്കുമുണ്ട്. അതിനായി എല്ലാ പാർട്ടികളും ദൃഢനിശ്ചയം എടുക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ജനറൽ സെക്രട്ടറി വാഹിദ് കാര്യറയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."