താഴത്തങ്ങാടിയിലെ ഓരുമുട്ടിന് ഉയരം പോരെന്ന് പരാതി
കോട്ടയം: മീനച്ചിലാറ്റില്‍ താഴത്തങ്ങാടി ഭാഗത്ത് സ്ഥാപിച്ച ഓരുമുട്ടിന് ഉയരം കുറവെന്ന് പരാതി. നിലവിലെ ജല നിരപ്പും ഓരുമുട്ടിന്റെ മുകള്‍ ഭാഗവും തമ്മില്‍ നേരിയ അന്തരം മാത്രമാണുള്ളത്. ആറ്റില്‍ ഓരുമുട്ടിന് മുകള്‍ ഭാഗത്തായി കെട്ടിക്കിടക്കുന്ന പോള നീക്കം ചെയ്യണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
തണ്ണീര്‍മുക്കം ബണ്ട് തുറക്കുമ്പോള്‍ കുടിവെള്ള സ്രോതസു കൂടിയായ താഴത്തങ്ങാടി ആറ്റിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാന്‍ കുളപ്പുരക്കടവില്‍ നിര്‍മിച്ച ഓരുമുട്ടിനാണ് ഉയരം പോരെന്നു പരാതിയുയര്‍ന്നത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഇക്കുറിയും കുളപ്പുരക്കടവിലാണ് ആറിന് കുറുകെ മുട്ട് നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം മഴ തുടങ്ങിയതോടെ വെള്ളം കവിഞ്ഞു കയറി ഓരുമുട്ട് തകര്‍ന്നിരുന്നു. തുടര്‍ന്ന് ജലസേചന വകുപ്പ് കരാറുകാര്‍ക്ക് ബില്ലുമാറി പണം നല്‍കിയില്ല. ഇതോടെ ഈ വര്‍ഷം ഓരുമുട്ടു നിര്‍മാണ കരാര്‍ ആരും എടുക്കേണ്ടതില്ലെന്ന ധാരണയിലായിരുന്നു കരാറുകാര്‍.
ഇതുമൂലം ഈ വര്‍ഷം കരാര്‍ ഏറ്റെടുക്കലും തടയണ നിര്‍മാണവും വൈകി. തണ്ണീര്‍മുക്കം ബണ്ട് തുറക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ പൂര്‍ത്തിയാകേണ്ട പ്രവൃത്തി ഇത്തവണ വളരെ വൈകിയാണ് പൂര്‍ത്തീകരിച്ചത്.
ഇത്തവണ ബലവത്തായി ആണ് അടിഭാഗത്തെ നിര്‍മാണം നടത്തിയതെങ്കിലും ആവശ്യത്തിന് ഉയരം ഇല്ലാത്തതിനാല്‍ കിഴക്കന്‍ വെള്ളം ഒഴുകിയെത്തുന്നതിനു മുമ്പുതന്നെ പെയ്തുവെള്ളം കൊണ്ട് തന്നെ മുട്ടു കവിയുമെന്ന ആശങ്കയുണ്ട്. തണ്ണീര്‍മുക്കം ബണ്ടു തുറന്നതോടെ ഓരുമുട്ടിന്റെ പടിഞ്ഞാറു ഭാഗത്തെ പോള നീങ്ങിയെങ്കിലും ശുദ്ധജലം പമ്പു ചെയ്യുന്ന ഭാഗത്ത് പോള തിങ്ങിനിറഞ്ഞു കിടക്കുകയാണ്. തടയിണ വന്നതോടെ ഒഴുക്കുനിലച്ച ജലാശയത്തില്‍നിന്ന് പോള ഒഴുകിപ്പോകില്ല. ശുദ്ധജല വിതരണം സുഗമമാകണമെങ്കില്‍ പോള വാരി നീക്കംചെയ്യുകയേ മാര്‍ഗമുള്ളൂ. കൂടാതെ തടയണയുടെ ഉയരം വര്‍ധിപ്പിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. വീണ്ടും ഓരുമുട്ട് കവിഞ്ഞ് തകരാതിരിക്കണമെങ്കില്‍ ഉയരം കൂട്ടി നിര്‍മാണം നടത്താന്‍ വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."