നാഗമ്പടം പഴയ മേല്‍പ്പാലം ഓര്‍മകളിലേക്ക്
കോട്ടയം : നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പ്പാലം ഇന്ന് തകര്‍ക്കും.നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം പൊളിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതത്തിനും നാഗമ്പടത്ത് എംസി റോഡ് വഴിയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ 11നും 12നും ഇടയ്ക്ക് നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പ്പാലം പൊളിക്കുന്നത്. ഇംപ്ലോഷന്‍ എന്ന സ്‌ഫോടനത്തില്‍ പാലത്തിന്റെ ഭാഗങ്ങള്‍ അധിക ദുരത്തില്‍ തെറിച്ചു വീഴില്ല. പാലം പൊളിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഒന്‍പതരയോടെ പാലത്തിന്റെ ഭാഗത്തെ വൈദ്യുതി ലൈനുകള്‍ അഴിച്ചു മാറ്റും. പിന്നീട് ട്രാക്ക് സുരക്ഷിതമായി മൂടും. തുടര്‍ന്ന് വിദൂര നിയന്ത്രിത സംവിധാനത്തിലുടെ സ്‌ഫോടനം നടത്തി പാലം പൊളിക്കും. ഇതിന് ശേഷം പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കി വൈദ്യുതി ലൈന്‍ പുനസ്ഥാപിക്കും. റെയില്‍വേ സുരക്ഷാ പരിശോധന നടത്തി പാളത്തിന് തകരാര്‍ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാകും റെയില്‍ ഗതാഗതം പുനസ്ഥാപിക്കുക. ഒന്പതു മണിക്കൂര്‍ ഗതാഗത നിയന്ത്രണം കോട്ടയം റൂട്ടിലുണ്ടാകും. മൂന്നു മെമു അടക്കം 12 പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും നാലു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. 10 ട്രെയിനുകള്‍ ആലപ്പുഴവഴി തിരിച്ചുവിടും. വഴിതിരിച്ചു വിടുന്ന ട്രെയിനുകള്‍ക്ക് എറണാകുളം ജംഗ്ഷന്‍, ആലപ്പുഴ, ചേര്‍ത്തല, ഹരിപ്പാട് എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പ് അനുവദിക്കും. തിരുവനന്തപുരം-ചെന്നൈ മെയില്‍ 45 മിനിട്ട് അധികസമയം കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിടും. റെയില്‍ ഗതാഗതത്തിന് പുറമേ നാഗമ്പടത്ത് എംസി റോഡ് വഴിയുള്ള ഗതാഗതത്തിലും സ്‌ഫോടനത്തിന് ഒരു മണിക്കൂര്‍ മുന്‍പ് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
1959ലാണ് ഈ പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത്. 1974ല്‍ മീറ്റര്‍ ഗേജ് ബ്രോഡ് ഗേജാക്കിയതിന്റെ ഭാഗമായി പാലം ഉയര്‍ത്തിയിരുന്നു. പാതയിരട്ടിപ്പിക്കിലിനായി 2014ല്‍ നാഗമ്പടത്ത് പുതിയ പാലം നിര്‍മാണത്തിന് അനുമതിയായി. 2015ല്‍ ആരംഭിച്ച നിര്‍മാണം 2018ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പഴയ പാലം പൊളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാര്‍ച്ചില്‍ പാലം പൊളിക്കാന്‍ തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് വന്നതിനാല്‍ മാറ്റിവെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."