പുല്ലൂരാംപാറ തുരുത്തിലെ വെള്ളപ്പൊക്കം; ഇലന്തുകടവ് പാലം കാരണമായെന്ന്
തിരുവമ്പാടി: പുല്ലൂരാംപാറ ഇലന്തുകടവ് തുരുത്തില്‍ വെള്ളം കയറിയതില്‍ പുതുതായി നിര്‍മിച്ച ഇലന്തുകടവ് പാലം കാരണമായതായി നാട്ടുകാര്‍. ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത വെള്ളം കയറലും നാശവുമാണ് തുരുത്തിലുണ്ടായത്. ഇതു കാരണം നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു.
ഇലന്തുകടവില്‍ കഴിഞ്ഞ വര്‍ഷം പുതുതായി നിര്‍മിച്ച പാലത്തിന്റെ തൂണുകളാണ് ദുരന്തത്തില്‍ വഴിത്തിരിവായതെന്നാണ് നാട്ടുകാരുടെ ഭാഷ്യം. ആനക്കാംപൊയില്‍ വനമേഖലയിലെ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കുത്തിയൊലിച്ചെത്തുന്ന മലവെള്ളം പാലത്തിന്റെ തൂണുകളിലിടിച്ച് വഴിമാറി ഒഴുകി എന്നാണ് പറയപ്പെടുന്നത്.
പാലം വന്നതോടെ പുഴയുടെ വീതി കൂടുകയും നിര്‍മാണം മൂലം ആഴം കുറയുകയും ചെയ്തിട്ടുണ്ട്. പാലത്തിന്റെയും പുഴയുടെയും സംരക്ഷണത്തിന് വേണ്ടി കൂറ്റന്‍ മതിലും നിര്‍മിച്ചിരുന്നു. നേരെത്തെ ഇവിടെയുണ്ടായിരുന്ന പുഴയുടെ സ്വാഭാവിക വളവ് ഈ സംരക്ഷണഭിത്തി മൂലം നഷ്ടപ്പെട്ടു എന്നും ഒലിച്ചെത്തുന്ന മലവെള്ളം മതിലിലിടിച്ച് കയറാന്‍ കാരണമായെന്നും ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്.
ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെയാണ് തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഇലന്തുകടവില്‍ പാലം പണിതത്. ഇതിനു മുകളില്‍ ആനക്കാംപൊയിലില്‍ കണ്ടപ്പന്‍ ചാലിലും പുതിയ പാലം പണിതെങ്കിലും ആര്‍ച്ച് പാലമായതിനാല്‍ പുഴയില്‍ തൂണുകള്‍ വേണ്ടിവന്നില്ല. പ്രദേശത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് മഴക്കാലത്ത് മലവെള്ളത്തോടൊപ്പം ഉരുള്‍പൊട്ടി ഭീമന്‍ പാറകളും കല്ലുകളും ഒലിച്ചു വന്ന് പാലത്തിന്റെ തൂണുകളിലിടിച്ച് ക്ഷതമേല്‍ക്കുമെന്നും പുഴ ഗതി മാറിയൊഴുകുമെന്നും കണ്ടാണ് ആര്‍ച്ച് പാലം പണിതത്. എന്നാല്‍ ഇതിന് അല്‍പ്പം താഴെയുള്ള ഇലന്തുകടവില്‍ പുഴയില്‍ തൂണോടു കൂടി സ്ഥാപിച്ച പാലമാണ് ദുരിതമായതെന്നും നാട്ടുകാര്‍ പറയുന്നു.
ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകി നാശം വിതച്ച തുരുത്ത് നിവാസികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ പുഴയുടെ ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം പുല്ലൂരാംപാറ യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവില്‍ സംരക്ഷണഭിത്തി നശിച്ചത് മൂലം തുരുത്തിലേക്ക് മലവെള്ളം കുത്തിയൊഴുകി കൃഷിയും, വീടും, വീട്ടുപകരണങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങിയവയും നശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കി പുഴയ്ക്ക് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."