ഡി.വൈ.എഫ്ഐ പ്രവര്‍ത്തകരുടെ കൊല: സ്ത്രീ അടക്കം മൂന്നുപേര്‍ കൂടി അറസ്റ്റില്‍, പലയിടത്തും കോണ്‍ഗ്രസ് ഓഫിസുകള്‍ക്കുനേരെ ആക്രമണം, കല്ലാച്ചിയില്‍ ബോംബേറ്
കോഴിക്കോട്: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈ.എഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയ മദപുരം സ്വദേശിനി പ്രീജയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി.
കേസില്‍ അറസ്റ്റിലായ നാലുപ്രതികളെ റിമാന്‍ഡ് ചെയ്തു. അജിത്ത്, ഷജിത്ത്, സതി, നജീബ് എന്നിവരെയാണ് 14 ദിവസം റിമാന്‍ഡ് ചെയ്തത്. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡിലായ നാലുപേരും പ്രതികളെ സഹായിച്ചവരാണ്. ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് പൊലിസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വൈരാഗ്യം ഉണ്ടായത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന്റെ സമയത്താണ്. കലാശക്കൊട്ടിനിടെ പ്രതികളും കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥിലാജും ഹക്ക് മുഹമ്മദുമായും തേമ്പാമൂട് വെച്ച് സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഷഹീനെ ഏപ്രില്‍ നാലിന് ആക്രമിച്ചു. ഇരട്ടക്കൊല കേസിലെ പ്രതികളായ സജീവന്, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഡിവൈഎഫ്ഐ പ്രവര്ത്തകന് ഫൈസലിന് നേരെ വധശ്രമവുമുണ്ടായി. ഈ കേസില്‍ അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.
അതേ സമയം വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ പലയിടത്തും കോണ്‍ഗ്രസ് ഓഫിസുകള്‍ക്കുനേരെ ആക്രമണം. കണ്ണൂര്‍ ജില്ലയില്‍ ആറിടത്തും കോഴിക്കോട് അഞ്ചിടത്തുമാണ് ആക്രമണമുണ്ടായത്.
കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ ബോംബേറുമുണ്ടായി. പലയിടത്തും ഓഫിസുകള്‍ അടിച്ചു തകര്‍ത്തു. സംഭവത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ഇന്നലെ രാത്രിയിലാണ് കല്ലാച്ചിയില്‍ ആക്രമണമുണ്ടായത്. വെഞ്ഞാറമൂട്ടിലെ സംഭവത്തിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതിന് പിന്നാലയാണ് ആക്രമണം നടന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
നാദാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി പത്തരയോടെയാണ് ഓഫീസിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞതെന്ന് പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."