വിഭാഗീയത രൂക്ഷമായി; എറണാകുളത്ത് അഞ്ഞൂറോളം സി.പി. എം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ടു
കൊച്ചി: വിഭാഗീയത രൂക്ഷമായതിനെ തുടര്‍ന്ന് എറണാകുളത്ത് സി.പി. എമ്മില്‍നിന്ന് നേതാക്കളും പ്രവര്‍ത്തകരും അടക്കം അഞ്ഞൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് സി.പി.ഐയില്‍ ചേരാന്‍ തീരുമാനിച്ചു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിമതര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പാര്‍ട്ടി വിട്ടവരില്‍ നിലവിലെ അംഗങ്ങളും ബഹുജന സംഘടനകളുടെ സംസ്ഥാന, ജില്ലാ ഭാരവാഹികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. പരിഹരിക്കാന്‍ കഴിയുന്ന സംഘടനാ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് വിഭാഗീയതയുടെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാനുളള ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഇവര്‍ പറഞ്ഞു.
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ വ്യക്തിപരമായികണ്ട് അതിനെ പര്വ്വതീകരിക്കാനാണ് ഔദ്യോഗിക നേതൃത്വം ശ്രമിച്ചതെന്ന് വിമതര്‍ ആരോപിച്ചു.
എന്നാല്‍ തങ്ങള്‍ക്ക് ഇടതുചേരിയില്‍ നിന്ന് മാറിനില്ക്കാന് കഴിയാത്തതിനാലാണ് ആഭ്യന്തര പ്രശ്നങ്ങള്‍ ഏറെയില്ലാത്ത സി.പി.ഐയിലേക്ക് പോകാന്‍ തീരുമാനമെടുത്തത്. ജില്ലയിലെ പക്വതയില്ലാത്ത നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയാണ് പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടത്. ഏറെ നാളായി എറണാകുളം ജില്ലാ കമ്മിറ്റിയില്‍ ശക്തമായ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ പൊതു തെരഞ്ഞെടുപ്പ് അടുത്തതോടെ വിമതരെ അടക്കം മുഴുവന്‍ വിട്ടുനിന്നവരെയും നേതൃത്വം നേരിട്ട് ഇടപെട്ട് അനുനയിപ്പിച്ചിരുന്നു. എന്നാല്‍ അനുനയന ചര്‍ച്ചകള്‍ വെളിച്ചംകാണാതെ പോയതിനാലാണ് പാര്‍ട്ടി വിടാനുളള തീരുമാനം പ്രഖ്യാപിച്ചതെന്ന് ഇവര്‍ പറഞ്ഞു.
25ന് വൈകിട്ട് നാലിന് ഉദയംപേരൂര്‍ നടക്കാവ് ദേവസ്വം മൈതാനിയില്‍ പാര്‍ട്ടി വിട്ടവരുടെ ലയനസമ്മേളനം നടക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. ദേശീയ നേതാക്കളായ കെ. ഇ ഇസ്മയില്‍, കെ.പി രാജേന്ദ്രന്, കമലാ സദാനന്ദന്, പി. രാജു തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി നേതാക്കളായ എന്‍.എന്‍ സോമരാജന്, ടി.രഘുവരന്, എസ് .എ ഗോപി, കെ. എല്‍ ദിലീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."