വേലിയിറക്കം തുണച്ചു; തൃക്കുന്നപ്പുഴയില്‍ ബോട്ടു ഗതാഗതം സുഗമമായി
ഹരിപ്പാട്: വേലിയിറക്കം തുണച്ചതിനാല്‍ ജലഗതാഗത വകുപ്പിന്റെ കൊല്ലം-ആലപ്പുഴ സര്‍വിസ് ബോട്ടുകള്‍ തൃക്കുന്നപ്പുഴ ചീപ്പിലൂടെ തടസമില്ലാതെ കടന്നുപോയി. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.55ന് ആലപ്പുഴയിലേക്കുള്ള ബോട്ടാണ് ചീപ്പ് കടന്നത്. ഇതിനും അല്‍പ്പം മുന്‍പായിരുന്നു കൊല്ലത്തേക്കുള്ള ബോട്ട് പോയത്. ഷട്ടര്‍ തകരാറിലായതിനാല്‍ ഉച്ചയ്ക്ക് ബോട്ടുകള്‍ എത്തുമ്പോള്‍ ചീപ്പ് തുറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ചീപ്പിന്റെ ഇരുവശത്തും ബോട്ടുകള്‍ നിര്‍ത്തിയിടുകയായിരുന്നു പതിവ്. തുടര്‍ന്ന് യാത്രക്കാര്‍ ഇറങ്ങി എതിര്‍വശത്തെ ബോട്ടില്‍ കയറി യാത്ര തുടരണമായിരുന്നു.
തൃക്കുന്നപ്പുഴ ചീപ്പിന് രണ്ട് ചാനലുകളുണ്ട്. ഇതില്‍ കിഴക്കുഭാഗത്തെ 20 അടി വീതിയുള്ള ചാനലിലൂടെയാണ് അടുത്തകാലത്തായി ജലവാഹനങ്ങള്‍ കടന്നുപോയിരുന്നത്. ചാനലിന്റെ ഇരുവശത്തും ഷട്ടറുണ്ട്. ഇതില്‍ ഒന്ന് തുറന്ന് ജലയാനങ്ങള്‍ അകത്തുകയറ്റിയശേഷം അടയ്ക്കുമ്പോള്‍ എതിര്‍വശത്തെ ഷട്ടര്‍ തുറന്നുകൊടുക്കും. ജലവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഉപ്പുവെള്ളം ഒഴുകി കയറാതിരിക്കാനാണ് ഈ മുന്‍കരുതല്‍.
20 അടി വീതിയുള്ള ചാനലിന്റെ ഷട്ടര്‍ ഒരാഴ്ച മുന്‍പാണ് കേടായത്. ഒരു ബോട്ട് കടത്തിവിടുന്നതിനിടെയാണ് സംഭവം. ഏറെ പണിപ്പെട്ടാണ് ഈ ബോട്ട് പുറത്തെത്തിച്ചത്. ഇതോടെ ഈ ഷട്ടര്‍ സ്ഥിരമായി അടച്ചിടുകയായിരുന്നു. പടിഞ്ഞാറെ ഭാഗത്തെ 30 അടി വീതിയുള്ള ചാനലിലെ ഒരു ഷട്ടര്‍ നേരത്തെ തകരാറിലാണ്. ഇത് തുറന്നിട്ട നിലയിലാണ്. അവശേഷിക്കുന്ന ഒരെണ്ണം വേലിയേറ്റ സമയത്ത് തുറക്കാനും കഴിയില്ല. ഇതാണ് തൃക്കുന്നപ്പുഴ വഴിയുള്ള ജലഗതാഗതത്തിന് തടസമായത്. തണ്ണീര്‍മുക്കം ബണ്ട് തുറന്നശേഷം വേലിയിറക്കമുള്ളപ്പോള്‍ പടിഞ്ഞാറ് ഭാഗത്തെ ഷട്ടര്‍ തുറന്നിടാമെന്നതാണ് ആശ്വാസം. കഴിഞ്ഞ ഞായറാഴ്ച മുതലാണിത് തുറക്കാന്‍ കഴിഞ്ഞിരുന്നത്. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെയാണ് അന്ന് വേലിയറക്കത്തിന്റെ ആനുകൂല്യം കിട്ടിയത്. ഈ സമയത്ത് കായംകുളം കായലിലേക്കാണ് വെള്ളം ഒഴുകുന്നത്. എന്നാല്‍, കൊല്ലത്ത് നിന്നും ആലപ്പുഴയില്‍ നിന്നും ബോട്ടുകളെത്തുന്നത് രണ്ടരയോടാണ്. ഇതിനാല്‍ രാവിലെ ചീപ്പ് തുറക്കുന്നത് ഇവയ്ക്ക് ഉപകാരപ്രദമായിരുന്നില്ല. ബുധനാഴ്ച രണ്ടര വരെ വേലിയിറക്കമായിരുന്നു. വ്യാഴാഴ്ച അത് മൂന്ന് വരെ നീണ്ടതോടെയാണ് ഇരുവശത്തേക്കും ബോട്ടുകള്‍ക്ക് തടസമില്ലാതെ പോകാന്‍ കഴിഞ്ഞത്. അടുത്ത ദിവസങ്ങളിലും ഇതേ രീതിയില്‍ യാത്ര തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."