എസ്.എസ്.എയില്‍ പരിശീലകരുടെ നിയമനം നീളുന്നു
ചെറുവത്തൂര്‍: സര്‍വശിക്ഷാ അഭിയാന്റെ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളില്‍ (ബി.ആര്‍.സി) ട്രെയിനര്‍ തസ്തികയിലേക്കുള്ള നിയമനം നീളുന്നു. അധ്യയനവര്‍ഷം ആരംഭിച്ചതുമുതല്‍ ബി.ആര്‍.സികള്‍ നാഥനില്ലാ കളരികളാണ്. വിദ്യാലയങ്ങളില്‍ തസ്തിക നഷ്ടപ്പെട്ട് ക്ലസ്റ്റര്‍ കോഓര്‍ഡിനേറ്റര്‍മാരായി നിയമിക്കപ്പെട്ടവരാണ് ഇപ്പോള്‍ ബി.ആര്‍.സി കളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്.
ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് ട്രെയിനര്‍മാരെ നിയമിക്കുന്നത്. നിലവിലുണ്ടായിരുന്നവര്‍ ജൂണ്‍ മാസം ആദ്യത്തോടെ വിദ്യാലയങ്ങളിലേക്ക് മടങ്ങി. പുതിയ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ജൂണ്‍ മാസം ആദ്യ വാരത്തില്‍ തന്നെ ക്ഷണിച്ചിരുന്നു. അഞ്ചു വര്‍ഷം അധ്യാപക സര്‍വീസുള്ള (ഗവണ്‍മെന്റ്, എയ്ഡഡ്) ഹൈസ്‌കൂള്‍, പ്രൈമറി അധ്യാപകര്‍ക്കാണ് അവസരം.
ആദ്യം ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ബിരുദാനന്തര ബിരുദവും, പ്രൈമറി അധ്യാപകര്‍ക്ക് ബിരുദവുമാണ് യോഗ്യതയായി നിഷ്‌കര്‍ഷിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബിരുദ, ബിരുദാനന്തര ബിരുദ യോഗ്യതകള്‍ നിര്‍ബന്ധമാക്കാതെ അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി ദീര്‍ഘിപ്പിച്ചു.
ആദ്യം നിഷ്‌കര്‍ഷിച്ച യോഗ്യതകളുള്ള അപേക്ഷകരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് ബിരുദ, ബിരുദാനന്തരബിരുദ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന എന്നാക്കി അപേക്ഷാ തിയതി ദീര്‍ഘിപ്പിച്ചത്. 23 ലേക്കാണ് അപേക്ഷാ തിയതി നീട്ടിയിരിക്കുന്നത്. 28 മുതല്‍ ഇന്റര്‍വ്യൂ നടത്തി ട്രെയിനര്‍മാരെ കണ്ടെത്താനാണ് തീരുമാനം. ഭരണമാറ്റത്തെ തുടര്‍ന്ന് സര്‍വശിക്ഷാ അഭിയാനില്‍ സര്‍വത്ര അഴിച്ചുപണിയാണ് നടന്നിരിക്കുന്നത്. നിയമനങ്ങള്‍ നീണ്ടാല്‍ അധ്യാപക പരിശീലനങ്ങള്‍ താളംതെറ്റിയേക്കുമെന്ന ആശങ്കയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."