സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍ക്കരണത്തിനൊരുങ്ങി കെ.എസ്.ആര്‍.ടി.സി
16.98 കോടി അനുവദിച്ചു
അഞ്ച് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍ക്കരണവും ഇ ഗവേണന്‍സും നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിനായി 16.98 കോടി രൂപ അനുവദിച്ചു. കെ.എസ്.ആര്‍.ടി.സിയിലെ എല്ലാ ഭരണപരമായ കാര്യങ്ങളും സര്‍വിസ് ഓപ്പറേഷന്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ടിക്കറ്റിങ്, ജി.പി.എസ് തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭരണപരമായതും സര്‍വിസ് നടത്തിപ്പ് സംബന്ധവുമായ കാര്യങ്ങള്‍ ഈ പദ്ധതി നടപ്പിലാക്കുന്നതോടെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്ന് കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയരക്ടര്‍ ബിജു പ്രഭാകര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പദ്ധതിയുടെ പൂര്‍ണ ചുമതല മാനേജിങ് ഡയരക്ടര്‍ക്കായിരിക്കുമെന്നും അഞ്ച് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
പദ്ധതിയുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ വാഹനങ്ങളിലും ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തും. ജി.പി.എസുമായി ബന്ധപ്പെടുത്തി പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും നടപ്പാക്കും. ഇതിലൂടെ വാഹനങ്ങളെ തത്സമയം ട്രാക്ക് ചെയ്യാം. ലൈവ് ട്രാക്കിങ് ആപ്പും സജ്ജമാക്കും. ഇതിലൂടെ ഓരോ റൂട്ടിലെയും ബസ് ഷെഡ്യൂള്‍, റൂട്ട് മാറ്റങ്ങള്‍, ബസിന്റെ കൃത്യമായ തല്‍സമയ ലൊക്കേഷന്‍ എന്നിവ ലഭിക്കും. മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും (എം.ഐ.എസ്) പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഇതിലൂടെ മാനേജ്‌മെന്റിന് ആവശ്യമായ വിവരങ്ങള്‍ വേഗത്തില്‍ ലഭിക്കാനും അതിലൂടെ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാനും സാധിക്കും.
വാഹനങ്ങളുടെ നിയന്ത്രണത്തിനും വിശകലനത്തിനും യാത്രക്കാരെ സഹായിക്കാനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആധുനിക കണ്‍ട്രോള്‍ സെന്ററും ഹെല്‍പ്പ് ഡെസ്‌കും ഒരുക്കും. കാഷ്‌ലെസ് സൗകര്യമുള്ള ആധുനിക ടിക്കറ്റിങ് സംവിധാനവും ജി.പി.എസുമായി ബന്ധപ്പെടുത്തി നടപ്പാക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയില്‍ നിലവിലുള്ള എല്ലാ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ സംവിധാനങ്ങളും ആധുനികവല്‍കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."