മഴ മാറി ആകാശം തെളിഞ്ഞു; കണ്ണീര്‍ തോരാതെ ഊര്‍പ്പള്ളിയിലെ വീടകങ്ങള്‍
മാനന്തവാടി: രണ്ടുപ്രാവശ്യമായുണ്ടായ വെള്ളപ്പൊക്കത്തില്‍ വീടുകളില്‍ വെള്ളം കയറി കെട്ടിനിന്നത് ഏഴുദിവസത്തോളം.
മഴമാറി വെയില്‍ തെളിഞ്ഞുതുടങ്ങിയെങ്കിലും മാനന്തവാടി നഗരസഭയിലെ ഊര്‍പ്പള്ളിയിലെ സാധാരണക്കാരായ ഇരുപത് കുടുംബങ്ങളുടെ കണ്ണീര്‍ തോരുന്നില്ല. മാസങ്ങള്‍ കഴിഞ്ഞാലും ഇവര്‍ക്ക് വീടുകളില്‍ താമസിക്കാനാവുമോയെന്ന കാര്യം സംശയമാണ്. അത്രക്ക് തകര്‍ന്നു വീടുകള്‍. വീടുകളില്‍ താമസിക്കാന്‍ വീട്ടുകാര്‍ക്ക് പേടിയാണ്. രണ്ട് കൊച്ച് മുറികളും ചെറിയ വരാന്തയും മാത്രമുള്ളതാണ് കൊയിലേരി ഊര്‍പ്പള്ളി ചേറ്റാനി ത്രേസ്യയുടെ വീട്. പ്രളയശേഷം വീട്ടിലെത്തിയ ത്രേസ്യയുടെ വീടിന്റെ രണ്ട് മുറികളുടെയും മധ്യഭാഗത്തിപ്പോള്‍ വന്‍കുഴി. അരികുകള്‍ ഉഴുതിട്ട കണ്ടംപോലെ. എങ്ങിനെയയെങ്കിലും കുഴിയടച്ച് വീട്ടില്‍ അന്തിയുറങ്ങാനാവുമോയെന്ന ശ്രമത്തിലാണ് ഈ വീട്ടമ്മ. എന്നാല്‍ എത്ര മണ്ണിട്ടിട്ടും കുഴി നികത്താനാവുന്നില്ല. വീണ്ടും താഴുകയാണ്. എത്ര നാളുകള്‍ കഴിഞ്ഞാലാണ് ഇനി വീട്ടില്‍ താമസിക്കാനാവുകയെന്നാണ് അമ്പത്തിനാലുകാരിയായ ഈ അമ്മയുടെ ചോദ്യം. വിധവയായ ത്രേസ്യയും മകന്‍ ജിനുവുമാണ് ഇവിടെ താമസിച്ചിരുന്നത്. 10 വര്‍ഷം മുമ്പ് പഞ്ചായത്ത് അനുവദിച്ച വീടായിരുന്നു. കൂലിപ്പണിയാണ് ഉപജീവന മാര്‍ഗം. പ്രളയത്തില്‍ ഉടുതുണിയോടെ അമ്മയും മകനും രക്ഷപെട്ടപ്പോള്‍ വീട്ടിനുള്ളിലെ സാധനങ്ങളെല്ലാം പ്രളയം കവര്‍ന്നു. നഷ്ടപ്പെടാനിനി ഒന്നുമില്ല. തൊട്ടടുത്തുള്ള കുന്നമംഗലത്ത് ഉണ്ണി, പുത്തന്‍വീട്ടില്‍ ബാലകൃഷ്ണന്‍, മംഗളാംകുന്നേല്‍ യശോദ തുടങ്ങിയവരുടെ അവസ്ഥയും വിഭിന്നമല്ല. മണിയാറ്റിങ്കല്‍ പ്രശാന്ത്, അയനിക്കോട്ടില്‍ കുഞ്ഞുമണി എന്നിവരുടെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പ്രശാന്തിന്റെ പത്തിലും രണ്ടിലും പഠിക്കുന്ന മക്കളുടെ പാഠപുസ്തകങ്ങളും മണ്ണിനടിയിലായി. ആദിവാസി വിഭാഗത്തില്‍പ്പെട്ട ലീലാ സോമന്റെ വീട് വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. കുറിച്യക്കുന്നേല്‍ സുധ, തളര്‍ന്നുകിടക്കുന്ന കുറ്റിയാനിയില്‍ ജോയി, കോട്ടപ്പറമ്പില്‍ മണി, ചുണ്ടേല്‍ അവറാന്‍, കണ്ണോളി കുമാരന്‍, കരിമ്പനാക്കുഴി ജോണി, മാധവന്‍ വെട്ടുകാട്ടില്‍ എന്നിവരുടെയും വീടുകള്‍ തകര്‍ച്ചയിലാണ്. ചുമരുകള്‍ ഇടിഞ്ഞു. തറപൊട്ടിപ്പൊളിഞ്ഞു. ഓഗസ്റ്റ് എട്ടിലെ വെള്ളപ്പൊക്കമാണ് ഈ കുടുംബങ്ങളെയും നിരാലംബരാക്കിയത്. രാത്രി പന്ത്രണ്ടോടെ വീടുകളിലേക്ക് വെള്ളമെത്തി. കുട്ടികളെയുമെടുത്ത് രാത്രിയില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ കഴുത്തൊപ്പം വെള്ളത്തില്‍ നടന്നും നീന്തിയുമാണ് രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."