കശ്മിര്‍: മാരകായുധങ്ങള്‍ ഉപയോഗിക്കുന്നത് തടയുമെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: സൈന്യത്തിനെതിരേ രണ്ടാഴ്ചയായി പ്രക്ഷോഭം നടക്കുന്ന കശ്മിരില്‍ സാധാരണക്കാര്‍ക്കുനേരെ മാരകായുധങ്ങള്‍ ഉപയോഗിക്കുന്നത് തടയുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കശ്മിര്‍ പ്രക്ഷോഭം സംബന്ധിച്ച് പാര്‍ലമെന്റില്‍ മറുപടി പറയവെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. സാധാരണക്കാര്‍ക്കുനേരെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചതില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനാല്‍ ഇക്കാര്യത്തില്‍ ഉടന്‍ പരിഹാരം കാണും.
ഇത്തരത്തിലുള്ള മാരകായുധങ്ങള്‍ ജനക്കൂട്ടത്തിനുനേരേ പ്രയോഗിക്കുന്നതു കര്‍ശനമായി തടയും. പെല്ലറ്റ് ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെയും കാഴ്ചവൈകല്യം ഉള്‍പ്പെടെ ഗുരുതര പരുക്കേറ്റവരെയും ഓര്‍ത്തു ഖേദിക്കുന്നുവെന്നും രാജ്‌നാഥ് പറഞ്ഞു. പെല്ലറ്റ് ഗണ്ണുകള്‍ക്കു പകരം മറ്റു ഉപാധികള്‍ നിര്‍ദേശിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും ഈ കമ്മിറ്റി രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പെല്ലറ്റ് ആക്രണത്തില്‍ കശ്മിരില്‍ ഒരാള്‍ മരിക്കുകയും 53 പേര്‍ക്ക് കണ്ണിനു പരുക്കേല്‍ക്കുകയും ചെയ്തു. മാരകായുധങ്ങളുടെ പട്ടികയില്‍ പെടാത്ത പെല്ലറ്റ് ഗണ്ണുകള്‍ ആദ്യമായല്ല കശ്മിരില്‍ പ്രയോഗിക്കുന്നതെന്നും മന്ത്രി ന്യായീകരിച്ചു. 2010ല്‍ പെല്ലറ്റ് ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 98 പേര്‍ക്കു കണ്ണിനു പരുക്കേല്‍ക്കുകയും അഞ്ചുപേര്‍ക്കു പൂര്‍ണമായും കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.
കശ്മിരിലെ യുവാക്കള്‍ വലിയ രാജ്യസ്‌നേഹികളാണ്. അവരെ വഴിതെറ്റിച്ച് ഇന്ത്യക്കെതിരായി അടിസ്ഥാനരഹിതമായ വിദ്വേഷം വളര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കശ്മിര്‍ താഴ്‌വരയില്‍ അസ്വസ്ഥതകളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ പാക്കിസ്താനും നടത്തുന്നുണ്ട്. ഉടന്‍തന്നെ സ്ഥിതിഗതികള്‍ ശാന്തമാകുമെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിനു മാത്രമായി തനിച്ചൊന്നും ചെയ്യാന്‍ കഴിയില്ല. എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹായം ഇക്കാര്യത്തില്‍ ആവശ്യമാണ്. എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി കൈകോര്‍ത്തു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഭീകരവാദമുണ്ടെങ്കില്‍ അതു പാക്കിസ്താന്‍ കാരണമാണ്. മതത്തിന്റെ പേരില്‍ കശ്മിര്‍ താഴ്‌വരയിലെ സ്ഥിതിഗതികള്‍ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ് അയല്‍രാജ്യത്തിന്റേത്. കശ്മിരില്‍ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ എല്ലാവരും ദുഖിക്കുന്നു. എന്നാല്‍ സുരക്ഷാ ഭടന്‍മാര്‍ കൊല്ലപ്പെടുമ്പോള്‍ ആഘോഷിക്കുന്നത് അംഗീകരിക്കാനാവില്ല. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡന്‍ ബുര്‍ഹാന്‍ വാനിയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് കശ്മിരില്‍ അസ്വസ്ഥതയുണ്ടായത്. വാനി ഭീകരനായിരുന്നുവെന്നും സോഷ്യല്‍ മീഡിയകളിലൂടെ യുവാക്കളെ വഴിതെറ്റിക്കാന്‍ ശ്രമിച്ചിരുന്നു എന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."