പരിയാരം ഗവ. മെഡിക്കല്‍ കോളജ് മെഡി. വിദ്യാഭ്യാസ ഡയറക്ടര്‍ സന്ദര്‍ശിച്ചു
തളിപ്പറമ്പ്: സമഗ്ര വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തി. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറായ ഡോ. റംലാബീവി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കുന്നത്. ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം സര്‍ക്കാര്‍ ക്വാട്ടയില്‍ നടത്തുന്നതിനോടൊപ്പം ജൂണ്‍ ആദ്യം മുതല്‍ മെഡിക്കല്‍ കോളജ് പൂര്‍ണമായും സര്‍ക്കാര്‍ കോളജായി പ്രവര്‍ത്തിപ്പിക്കുന്ന കാര്യവും ചര്‍ച്ചയുടെ ഭാഗമായെന്നാണ് വിവരം.
ഇപ്പോള്‍ സാങ്കേതികമായി ഏറ്റെടുക്കല്‍ നടന്നുവെങ്കിലും സഹകരണ മെഡിക്കല്‍ കോളജിലെ രീതിയിലാണ് പരിയാരം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍നിന്ന് പൊതുജനങ്ങള്‍ക്ക് കിട്ടേണ്ടുന്ന സേവനങ്ങള്‍ ലഭ്യമാകാതിരുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ജൂണ്‍ ഒന്നുമുതല്‍ തന്നെ സൗജന്യസേവനങ്ങളും മറ്റ് സൗകര്യങ്ങളും ആശുപത്രിയില്‍നിന്ന് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് സി.എം.ഇ മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചതെന്നാണ് സൂചന.
പ്രവര്‍ത്തനമാരംഭിച്ച് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന മെഡിക്കല്‍ കോളജ് വികസനത്തിനും ആധുനികവല്‍ക്കരണത്തിനുമായി 500 കോടി രൂപയുടെ പദ്ധതികള്‍ ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് പുറമെ ആധുനിക ചികിത്സാ ഉപകരണങ്ങള്‍ വാങ്ങാനും ആശുപത്രിക്ക് പൂര്‍ണമായി ചുറ്റുമതില്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. കിഫ്ബിയില്‍നിന്ന് മെഡിക്കല്‍ കോളജിന്റെ വികസനത്തിനാവശ്യമായ എത്ര തുക വേണമെങ്കിലും നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജിലെത്തിയ ഡി.എം.ഇയെ പ്രിന്‍സിപ്പല്‍ ഡോ. എന്‍. റോയി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എസ്. രാജീവ്, ഹൃദയാലയ മേധാവി ഡോ. എസ്.എം അഷ്‌റഫ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."