സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഓഫിസുകള്‍ അടിച്ചു തകര്‍ത്തു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഓഫിസുകള്‍ അടിച്ചു തകര്‍ത്തു.തിരുവനന്തപുരം ജില്ലയിലാണ് വ്യാപകമായ ആക്രമങ്ങളുണ്ടായത്. വെഞ്ഞാറുംമൂട്ടിലെ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസ്, തൊട്ടടുത്തുണ്ടായിരുന്ന വെഞ്ഞാറുംമൂട് മണ്ഡലം കമ്മിറ്റി ഓഫിസ്, കരവാരം കോണ്‍ഗ്രസ് ഹൗസ്, നെടുമങ്ങാട് കോണ്‍ഗ്രസ് ഹൗസ്, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട, കടംകംപള്ളി, പേട്ട, കുടപ്പനക്കുന്ന്, വലിയശാല, കാട്ടാക്കട കോണ്‍ഗ്രസ് ഓഫിസുകളാണ് തകര്‍ക്കപ്പെട്ടത്. ഗൗരീശ പട്ടത്തും പാറശാലയും, പാല്‍ക്കുളങ്ങരയിലും ഇന്ദിരാഗാന്ധി പ്രതിമകള്‍ തകര്‍ത്തു. ഇത് കൂടാതെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടിന് നേരെയും കൊടിമരങ്ങള്‍ക്ക് നേരെയും ആക്രമണങ്ങളുണ്ടായി.
കൊല്ലം ഡി.സി.സി ഓഫിസിന് അകത്ത് കയറി സെക്യുരിറ്റി കാബിന്‍ അടിച്ചു തകര്‍ത്തു. ശാസ്താം കോട്ടയിലെ കോണ്‍ഗ്രസ് ഓഫിസ്, ചടയമംഗലം, ഇടനാട്, നെടുംമ്പന, ചവറ, ഭരണിക്കാവ്, മൈലം, കോട്ടാത്തല മേഖലകളിലെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെയും കൊടിമരങ്ങള്‍ക്കു നേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.
ആലപ്പുഴ ജില്ലയിലെ വയലാറിലെ ഒളവല മണ്ഡലം ഓഫിസ്, കായം കുളം താമരക്കുളം എന്നീ ഓഫിസുകളും ആക്രമിക്കപ്പെട്ടു. അമ്പലപ്പുഴ മണ്ഡലത്തിലെ പുറക്കാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കൊടിമരങ്ങള്‍ക്ക് നേരെയും നിരവധി പ്രവര്‍ത്തരുടെ വീടുകള്‍ക്ക് നേരെയും ആക്രണമുണ്ടായി.
എറണാകുളത്ത് ഡി.സി.സി ഓഫിസിന് നേരെ കല്ലേറുണ്ടായി. ജില്ലയിലെ നിരവധി കൊടിമരങ്ങളും ഫള്ക്‌സ് ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടു. കോട്ടയം ജില്ലയില്‍ പുതുപ്പള്ളിയിലെ മീനടത്തും കുറുവിലങ്ങാട്ടെ കോണ്‍ഗ്രസ് ഓഫിസിനുനേരെയും ആക്രണമണമുണ്ടായി. ചങ്ങനാശേരി തുരുത്തിയില്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളില്‍ കൊടിമരങ്ങള്‍ വലിച്ചു താഴെയിട്ടു.
ഇടുക്കി തൊടുപുഴ ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് തകര്‍ത്തു. കട്ടപ്പന മണ്ഡലം കമ്മിറ്റി ഓഫിസ്, കുമളിയിലെ കൊല്ലം പട്ടടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസ്, വണ്ടിപ്പെരിയാര്‍, കുമളി, ഇരട്ടിയാര്‍, ഇടവെട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പതാകകള്‍ നശിപ്പിക്കപ്പെട്ടു.
പത്തനം തിട്ടജില്ലയിലെ കലഞ്ഞൂര്‍, കൊടുമണ്‍ , കുന്നന്താനം, പരുമല, കോന്നിയിലെ പയ്യനാമന്‍ എന്നീ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. പാര്‍ട്ടി പതാകകളും കൊടിമരങ്ങളും നശിപ്പിച്ചു. ഇന്ദിര, രാജീവ് സ്തൂപങ്ങള്‍ തകര്‍ത്തു.
കോഴിക്കോട് നാദാപുരം, കല്ലായി, കിഴക്കന്‍ പേരാമ്പ്ര എന്നിവടങ്ങളിലെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക നേരെ ആക്രമണമുണ്ടായി.
പാലക്കാട് ജില്ലയിലെ യാക്കര, മാങ്കാവ്, ചിറ്റൂര്‍, തത്തമംഗലം, നല്ലേപ്പിള്ളി എന്നീ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ആക്രണമുണ്ടായി. വ്യാപകമായി കൊടിമരങ്ങള്‍ നശിപ്പിക്കപ്പെട്ടു.
കണ്ണൂര്‍ ജില്ലയില്‍ കോടിയേരി ബ്‌ളോക്ക് കോണ്‍ഗ്രസ് ഓഫിസ്, തലശേരി മണ്ഡലത്തിലെ തിരുവങ്ങാട്, അഞ്ചരക്കണ്ടി മണ്ഡലത്തിലെ മുഴപ്പാല എന്നീ കോണ്‍ഗ്രസ് ഓഫിസുകള്‍ പൂര്‍ണമായും അടിച്ചു തകര്‍ത്തു. ചെറുതാഴത്തെ ഹനുമാരമ്പലം ഇന്ദിരാഭവന്‍ ആക്രമികള്‍ തകര്‍ത്തു. പയ്യന്നൂരിലെ മുരിക്കോവലില്‍ സജിത്ത് ലാല്‍ സ്മൃതി മണ്ഡപം തകര്‍ത്തു. ജില്ലയില്‍ നൂറുക്കണക്കിന് കൊടിമരങ്ങളാണ് നശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."