ഇന്നുമുതല്‍ സ്‌കൂള്‍ വണ്ടികളും; പട്ടാമ്പി മേഖലയില്‍ യാത്രാക്ലേശം രൂക്ഷമാവും
പട്ടാമ്പി: ഇന്ന് സ്‌കൂള്‍ തുറക്കുന്നതോടെ ബസ്സടക്കമുള്ള സ്‌കൂള്‍ വാഹനങ്ങളുടെ യാത്രയില്‍ ആശങ്ക. പ്രളയത്തെത്തുടര്‍ന്ന് പട്ടാമ്പി പാലം അടച്ചതോടെ പുഴയ്ക്ക് അക്കരെയും ഇക്കരെയും ഉള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്ര ദുരിതത്തിലാവും.
സ്‌കൂള്‍ ദിവസങ്ങളില്‍ രാവിലെയും വൈകീട്ടും വന്‍തിരക്കാണ് പട്ടാമ്പി നഗരത്തില്‍ ഉണ്ടാവുക.
പട്ടാമ്പി പാലത്തിലൂടെ നിരവധി സ്‌കൂള്‍ വാഹനങ്ങള്‍ അക്കരയിക്കരെ കടന്നുപോകാറുണ്ട്. ഈ വാഹനങ്ങളൊക്കെ ഇനി കൊടുമുണ്ട, പാലത്തറ, തൃത്താല, വെള്ളിയാങ്കല്ല് വഴി ചുറ്റിത്തിരിഞ്ഞുവേണം പോകാന്‍. സ്‌കൂള്‍ വാഹനങ്ങള്‍ കൂടിയാവുന്നതോടെ ഈ റൂട്ടില്‍ തിരക്കേറും.
റോഡിലെ കുണ്ടും കുഴിയും മൂലം ഈ റൂട്ടില്‍ ഗതാഗതതടസ്സം പതിവാണ്. പട്ടാമ്പി പാലം അടച്ചതോടെ വാഹനങ്ങള്‍ ഇതുവഴിയാണ് തിരിച്ചുവിടുന്നത്. നഗരത്തിലെ നാല് സ്‌കൂളുകളിലേക്ക് പുഴക്കക്കരെനിന്ന് നിരവധി വിദ്യാര്‍ഥികള്‍ എത്തുന്നുണ്ട്. ഇവര്‍ പാലത്തിലൂടെ നടന്ന് പട്ടാമ്പിയിലെത്തി സ്‌കൂളുകളില്‍ പോകേണ്ടിവരും.
ഗതാഗതത്തിരക്ക് മറികടന്നും ചുറ്റിത്തിരിഞ്ഞും കുട്ടികള്‍ സ്‌കൂളില്‍ കൃത്യസമയത്തിനെത്തുമോയെന്ന ആശങ്കയും രക്ഷിതാക്കള്‍ക്കുണ്ട്.
പട്ടാമ്പി പാലം അടുത്തമാസം ആറിന് തുറക്കുമെന്നാണ് പറയുന്നത്. മഴ ശക്തമായാല്‍ പണി ഇനിയും നീളും. പടിഞ്ഞാറുവശത്തെ കൈവരികളുടെ പണിയാണ് ഇപ്പോള്‍ നടക്കുന്നത്. കിഴക്കുവശത്തെ പഴയ കൈവരികള്‍ നീക്കംചെയ്ത് വേണം, പുതിയത് സ്ഥാപിക്കാന്‍.
കൂടുതല്‍ പൊലിസുകാരെ നിയോഗിക്കും
സ്‌കൂള്‍ തുറക്കുന്നത് കണക്കിലെടുത്ത് വിദ്യാര്‍ഥികളെ സഹായിക്കാന്‍ പട്ടാമ്പി പാലത്തിന് സമീപം കൂടുതല്‍ പൊലിസുകാരെ നിയോഗിക്കും. ഇക്കാര്യം സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച ചെയ്തിരുന്നു. പട്ടാമ്പി ബസ് സ്റ്റാന്‍ഡിലെത്തി വിദ്യാര്‍ഥികളെയെടുത്ത് തിരിച്ചുപോകാനാണ് സ്‌കൂള്‍ ബസ്സുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇന്നത്തെ അവസ്ഥയെന്തെന്ന് നോക്കി കൂടുതല്‍ ക്രമീകരണം നടത്തുമെന്നു പട്ടാമ്പി ട്രാഫിക് എസ്.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."