കുരുക്കിലായി തെക്കിബസാര്‍ ജങ്ഷന്‍; മാര്‍ഗതടസം
കണ്ണൂര്‍: തെക്കിബസാറിലെ ഗതാഗതകുരുക്കിനു പരിഹാരമില്ല. റോഡരികിലെ അനധികൃത പാര്‍ക്കിങും കാല്‍നട യാത്രകാരുടെ ശ്രദ്ധയില്ലായ്മയും ഇവിടെ വളരെയേറെ അപകടവും കുരുക്കുമാണ് ഉണ്ടാക്കുന്നത്.
നഗരത്തിലെ എല്ലാ ജങ്ഷനുകളും വീതി കൂട്ടി കൂടുതല്‍ സൗകര്യമുള്ള റോഡ് ആക്കിയെങ്കിലും ഇവിടെയുള്ള ഗതാഗതകുരുക്കിനു ഇതുവരെ പരിഹാരമായില്ല. ചില പരിഷ്‌കാരങ്ങള്‍ വരുത്തിയാല്‍ തീരുന്നതാണ് ഈ പ്രശ്‌നങ്ങളെല്ലാം.
കക്കാട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്‌നം റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളാണ്. ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്ക് കെട്ടിടത്തിനു മുന്നിലും സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിനു മുന്നിലും നിരയായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടാലും ട്രാഫിക് ഡ്യൂട്ടിയിലുള്ള ചില പൊലിസുകാര്‍ കണ്ണടക്കുകയാണ്. തിരക്കേറുന്ന സമയങ്ങളില്‍ ആംബുലന്‍സുകളും ഗതാഗത കുരുക്കില്‍പെടുന്ന കാഴ്ചയാണ്. ഇതിനു പരിഹാരമായി തെക്കി ജങ്ഷനില്‍ എത്തുന്നതിനു മുന്‍പ് കക്കാട് റോഡില്‍ നിന്നു വലതു ഭാഗത്തേക്ക് തിരിയുന്ന റോഡിലൂടെയുള്ള ഗതാഗതം പുനഃക്രമീകരിക്കണമെന്ന ആവശ്യം ശക്തമാണ്. തെക്കിബസാര്‍ കക്കാട് റോഡ് ജങ്ഷനരികില്‍ ഉപയോഗ ശൂന്യമായ ടെലിഫോണ്‍ ബോക്‌സും ബസ് ഷെല്‍ട്ടറും നീക്കി ഗാന്ധി സ്‌ക്വയറിലേക്കുള്ള റോഡ് വീതി കൂട്ടുകയും ട്രാഫിക് ഐലന്റ് നിര്‍മിക്കുകയും ചെയ്താല്‍ ഗതാഗതക്കുരുക്കിന് നേരിയ ആശ്വസമാകുമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. ട്രാഫിക് സിഗ്‌നല്‍ കൂടി സ്ഥാപിക്കുന്നതോടെ പൊരി വെയിലത്ത് നില്‍ക്കുന്ന ഹോംഗാര്‍ഡുകളുടെ ദുരിതവും അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."