മണ്ണിടിഞ്ഞ് വീട് പൂര്‍ണമായും തകര്‍ന്നു;അധികൃതര്‍ കാണുന്നുണ്ടോ തങ്കച്ചന്റെ ദുരിതം
നിലമ്പൂര്‍: ദുരിതാശ്വാസ ക്യാംപ് പിരിച്ചുവിട്ടതോടെ കര്‍ഷകനും കുടുംബവും പെരുവഴിയിലായി. വെണ്ടേക്കുംപൊയിലിലെ തോട്ടുപുറത്ത് തങ്കച്ചനും കുടുംബവുമാണ് പെരുവഴിയിലായത്. തല്‍ക്കാലം ബന്ധുക്കളാണ് ഇവരെ ഏറ്റെടുത്തത്.
കഴിഞ്ഞ 16നുണ്ടായ കനത്ത മഴയിലാണ് മണ്ണിടിഞ്ഞ് ഇവരുടെ വീട് പൂര്‍ണമായി തകര്‍ന്നത്. വീട് പൂര്‍ണമായും നിലംപൊത്തിയതിന് പുറമേ വീട്ടിലേക്കുള്ള വഴിയും വ്യാപകമായി മണ്ണിടിഞ്ഞ് താഴ്ന്നതോടെ ഈ കുടുംബം തീര്‍ത്തും ഒറ്റപ്പെട്ടു. വെണ്ടേക്കുംപൊയില്‍ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ താല്‍ക്കാലിക ദുരിതാശ്വാസ ക്യാംപിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ക്യാംപ് പിരിച്ച് വിട്ടതോടെ ഇവരുടെ പുനരധിവാസം പ്രതിസന്ധിയിലായി. ഒടുവില്‍ ബന്ധുവിന്റെ വീട്ടില്‍ അഭയം തേടിയിരിക്കുകയാണ്. മുതിര്‍ന്ന രണ്ട് പെണ്‍കുട്ടികളേയും എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകനേയും ചേര്‍ത്ത് പിടിച്ച് എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് തങ്കച്ചന്‍. മഴവെള്ളപ്പാച്ചിലില്‍ അരയേക്കര്‍ സ്ഥലത്ത് ആകെയുണ്ടായിരുന്ന കൃഷിയും പൂര്‍ണമായും നശിച്ചു.
കനറാ ബാങ്കിന്റെ വെറ്റിലപ്പാറ ശാഖയില്‍ നിന്നും വാഴകൃഷിക്കായി ഒരു ലക്ഷം രൂപ വായ്പയും എടുത്തിരുന്നു. കൃഷി നശിച്ചതോടെ ഈ തുകയുടെ തിരിച്ചടവും പ്രതിസന്ധിയിലായി. വാടകക്ക് വീട് എടുത്ത് മാറാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് മാത്രമല്ല. ഈ ഭാഗത്ത് വാടകക്ക് വീട് കിട്ടാനുമില്ല. കൂലിവേല ചെയ്താണ് തങ്കച്ചന്‍ കുടുംബം പോറ്റുന്നത്. ബിരുദധാരികളായ പെണ്‍മക്കള്‍ക്ക് ജോലിയുമില്ല. നിലവില്‍ വീടിരുന്ന സ്ഥലത്തേക്കുള്ള വഴി പൂര്‍ണമായും തകര്‍ന്നതിനാല്‍ വീടിന്റെ പുനര്‍നിര്‍മാണം ദുഷ്‌ക്കരമാണ്. സര്‍ക്കാര്‍ കനിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."