എന്‍.സി.സി റോഡരികിലേ മാലിന്യം തള്ളല്‍; ജനം പൊറുതി മുട്ടി
തലശ്ശേരി: എന്‍.സി.സി റോഡ് പരിസരം മാലിന്യ കേന്ദ്രമായി മാറുന്നു. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള ഭക്ഷണഅവശിഷ്ടങ്ങളാണ് അലക്ഷ്യമായി ഇവിടെ തള്ളുന്നത്. ഇതുവഴി കടന്നുപോകുന്ന യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ദുര്‍ഗന്ധമാണ് നേരിടേണ്ടി വരുന്നത്. മേഖലയില്‍ തെരുവുനായയുടെ ശല്യം രൂക്ഷമായിരിക്കെയാണ് ഇത്തരത്തില്‍ പരിസരം മാലിന്യ കൂമ്പാരമായി മാറിയിരിക്കുന്നത്. മാലിന്യത്തിന്റെ ദുരിതത്തിനു പുറമെ നായയുടെ അക്രമത്തില്‍ നിന്നു കഷ്ടപ്പെട്ടാണ് രക്ഷപ്പെട്ടു പോകുന്നത്. ഭക്ഷണ അവശിഷ്ടങ്ങളും മറ്റും പ്ലാസ്റ്റിക് സഞ്ചിയിലാക്കി രാത്രിയുടെ മറവില്‍ വാഹനങ്ങളിലെത്തിയാണ് ഇവിടെ പുറംതള്ളുന്നതെന്ന് ആക്ഷേപം ഉണ്ട്. ദിവസംതോറും ഇവിടെ മാലിന്യ കൂമ്പാരമായി മാറുകയാണ്. മാലിന്യം തള്ളുന്നതിനെതിരേ പ്രദേശവാസികള്‍ നിരവധി തവണ അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതുവരെ യാതൊരു ഇടപെടലും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ചിലര്‍ മാലിന്യത്തിന് തീയിട്ടു സ്ഥലം വിടുന്നതായും പരാതിയുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ പരിസരം വിഷപുകയായി മാറുകയാണ്. റോഡ് പ്രവൃത്തി കഴിഞ്ഞതിന്റെ അവശിഷ്ടങ്ങളും ഇതുവരെ ഇവിടെ നിന്നു എടുത്തുമാറ്റിയിട്ടില്ല. കാലവര്‍ഷം വന്നാല്‍ മാലിന്യകാരണം പ്രദേശവാസികള്‍ക്ക് പകര്‍ച്ചവ്യാധി പിടികൂടുമെന്ന ഭീതിയിലാണ്. എത്രയും പെട്ടെന്ന് അധികൃതര്‍ മാലിന്യം ഇവിടെ നിന്നു നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."