ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റിന്റെ മിന്നല്‍ പരിശോധന; തളിപ്പറമ്പില്‍ പഴകിയ കോഴി ഇറച്ചിയും ഐസ് ബ്ലോക്കുകളും പിടിച്ചെടുത്തു
തളിപ്പറമ്പ്: ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് തളിപ്പറമ്പില്‍ നടത്തിയ മിന്നല്‍ പരിശധനയില്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളും ജ്യൂസ് തണുപ്പിക്കാനായി കടകളില്‍ സൂക്ഷിച്ച മീന്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസ് ബ്ലോക്കുകളും പിടികൂടി. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന രീതിയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴ വര്‍ഗങ്ങള്‍ പഴുപ്പിച്ച് വില്‍പന നടത്തുന്നതായുള്ള വ്യാപക പരാതിയെ തുടര്‍ന്ന് ഇന്നലെ ഉച്ചക്ക ഒന്നരയോടെയാണ് പരിശോധന ആരംഭിച്ചത്. പഴവര്‍ഗങ്ങളുടെ മൊത്തവിതരണ കടകളില്‍ നടത്തിയ പരിശോധനയില്‍ രാസവസ്തുക്കളൊന്നും കണ്ടെത്താനായില്ല. എന്നാല്‍ രാസവസ്തുക്കളുടെ ഉപയോഗമില്ലെന്ന് സ്ഥിരീകരിക്കാനാകില്ലെന്നും വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോഴി ഇറച്ചി ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തു നിര്‍മാണ യൂനിറ്റില്‍ നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായ ചുറ്റുപാടില്‍ സൂക്ഷിച്ച കോഴി ഇറച്ചിയും ഇവ ഉപയോഗിച്ച് നിര്‍മിച്ച ഷവര്‍മ ഉള്‍പ്പെടെയുളള വിഭവങ്ങളും നിരോധിത കളറുകളും കണ്ടെത്തിയത്. ഇവിടെനിന്ന് പഴകിയതും വൃത്തിഹീനമായ സ്ഥലത്ത് സൂക്ഷിച്ചതുമായ 25 കിലോ കോഴി ഇറച്ചി പിടികൂടി നശിപ്പിച്ചു.
കരിമ്പിന്‍ ജ്യൂസ് വില്‍പന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ മീന്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസ് ബ്ലോക്കുകളാണ് ജ്യൂസ് തണുപ്പിക്കുവാന്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ഇവിടെയുണ്ടായിരുന്ന ഐസ് ബ്ലോക്കുകള്‍ നശിപ്പിച്ചു. തളിപ്പറമ്പില്‍ 12 കടകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. ഇവയില്‍ നാലു കടകളില്‍നിന്ന് പിഴ ഈടാക്കുകയും നോട്ടിസ് നല്‍കുകയും ചെയ്തു. ഒരു കടക്ക് നോട്ടിസ് മാത്രവും മറ്റുള്ളവയ്ക്ക് താക്കീതും നല്‍കിയതായി ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണര്‍ സി.എ ജനാര്‍ദ്ധനന്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ ഓഫിസര്‍മാരായ ഡോക്ടര്‍ പി. ധനശ്രീ, എം.എന്‍ ഷംസിയ, ഓഫിസ് സ്റ്റാഫ് പി. ബിന്ദുരാജ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."