ചുഷൂല്‍ മേഖലയില്‍ കടന്നുകയറാനുള്ള ചൈനീസ് ശ്രമം ഇന്ത്യന്‍ സേന തടഞ്ഞു; പ്രതിരോധിക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കാന്‍ സൈനികര്‍ക്ക് അനുമതി
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ചുഷൂല്‍ മേഖലയില്‍ കടന്നു കയറാനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കം ഇന്ത്യന്‍ സേന തടഞ്ഞു. പാന്‍ഗോങ് തടാകത്തിന്റെ തെക്കന്‍ തീരങ്ങളിലെ കുന്നുകളുടെ ഉയര്‍ന്ന ഭാഗങ്ങളില്‍ സൈനികരെ എത്തിക്കാന്‍ ഇന്ത്യന്‍ സേനക്ക് സാധിച്ചെന്നാണ് ലഭിക്കുന്ന വിവരം. ചൈനയുടെ നീക്കങ്ങള്‍ മറികടന്ന് സൈനികരെ എത്തിച്ച ഇന്ത്യന്‍ സേനക്ക് എതിരാളികളുടെ ചെറിയ നീക്കങ്ങള്‍ പോലും കണ്ടെത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചൈനയെ പ്രതിരോധിക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കാന്‍ സൈനികര്‍ക്ക് അനുമതി നല്‍കിയതായാണ് വിവരം. കരസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഐ.ബി, റോ മേധാവികള്‍, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ അരവിന്ദ് കുമാര്‍, റോ സെക്രട്ടറി സാമന്ത് ഗോയല്‍, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
ചര്‍ച്ചകള്‍ക്കൊപ്പം സേനയെ നിയന്ത്രിക്കാന്‍ കൂടി ചൈനീസ് അധികൃതര്‍ ശ്രദ്ധിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.നേരത്തെ, അഞ്ച് തവണത്തെ സൈനികതല ചര്‍ച്ചയിലും നാലു തവണത്തെ നയതന്ത്രതല ചര്‍ച്ചയിലും ഉണ്ടായ ധാരണകളുടെ അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളും സേനകളെ പിന്‍വലിക്കുന്ന സാഹചര്യമുണ്ടായി. എന്നാല്‍, രണ്ടാം ഘട്ടത്തില്‍ പാന്‍ഗോങ് അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ചൈന തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."