നിര്‍മാണം പൂര്‍ത്തിയായിട്ട് മൂന്ന് വര്‍ഷം; നോക്കുകുത്തിയായി കെട്ടുങ്ങല്‍-ഒട്ടുംപുറം പാലം
പരപ്പനങ്ങാടി: 'ആനയുണ്ട് തോട്ടിയില്ല' എന്ന് പറയുന്ന അവസ്ഥയിലാണ് പരപ്പനങ്ങാടി താനൂര്‍ നഗരസഭകളെ ബന്ധിപ്പിക്കുന്ന കെട്ടുങ്ങല്‍-ഒട്ടുംപുറം പാലം. മൂന്ന് വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയായിട്ടും അപ്രോച്ച് റോഡില്ലാതെ നോക്കുകുത്തിയായി നില്‍ക്കുകയാണ് മലബാറിലെ റോഡ് ഗതാഗത രംഗത്തെ വമ്പന്‍ പദ്ധതികളില്‍ ഒന്നായ ഈ പാലം.
നിര്‍ദിഷ്ട തീരദേശ ഹൈവേയിലെ ഏറ്റവും വലിയ പാലമാണിത്. അഴിമുഖത്ത് 23 കോടി രൂപ ചിലവില്‍ നിര്‍മിച്ച പാലത്തിനു 210 മീറ്ററാണ് നീളം. പതിനൊന്നര മീറ്റര്‍ വീതിയില്‍ ഇരട്ടപാതയാണ്. ഒന്നര മീറ്റര്‍ വീതിയില്‍ ഇരു ഭാഗങ്ങളിലും നടപ്പാതകളുമുണ്ട്. ഏഴു സ്പാനുകളും എട്ടു തൂണുകളുമാണുള്ളത്. നാവിക ജലഗതാഗത റൂട്ടായതിനാല്‍ മധ്യഭാഗത്തെ ഉയരം ഏഴര മീറ്റര്‍ ആണ്.
ഉദ്ദേശിച്ച സമയത്ത് തന്നെ പൂര്‍ത്തിയാക്കാനായെങ്കിലും ഇരുഭാഗത്തും അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതില്‍ കാലതാമസം നേരിട്ടതിനാല്‍ പാലം നോക്കുകുത്തിയായി മാറുകയാണ്. താനൂര്‍ മണ്ഡലത്തിലാണ് ഇനിയും സ്ഥലം ഏറ്റെടുക്കുന്നത് അനിശ്ചിതമായി നീളുന്നത്. തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടിയില്‍ ആവശ്യമായ സ്ഥലം ഏറ്റെടുത്തിരുന്നെങ്കിലും താനൂരില്‍ ഏറ്റെടുക്കാത്തതിനാല്‍ കരാര്‍ കമ്പനി പിന്മാറുകയായിരുന്നു. ഇപ്പോള്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എ യുടെ പ്രത്യേക വികസന ഫണ്ടില്‍ പരപ്പനങ്ങാടി ഭാഗത്ത് ടിപ്പുസുല്‍ത്താന്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി അപ്രോച്ച് റോഡ് നിര്‍മാണം നടക്കുന്നുണ്ട്.
ഇരുഭാഗത്തും അപ്രോച്ച് റോഡ് യാഥാര്‍ഥ്യമായാല്‍ കൊച്ചി-കോഴിക്കോട് റൂട്ടില്‍ 23 കിമി ദൂരം കുറയുമെന്നാണ് അധികൃതരുടെ കണക്ക്. നാഷനല്‍ ഹൈവേയിലെ വളവും തിരിവും കയറ്റവും ഇറക്കവും ഒഴിവാക്കിയും അപകടമേഖലയായ വട്ടപ്പാറ, പാണമ്പ്ര തുടങ്ങിയ സ്ഥലങ്ങളും വഴിമാറിയും ഇതുവഴി സഞ്ചരിക്കാന്‍ കഴിയും.
കൂടാതെ തീരദേശ സമതല മേഖലയിലൂടെയുള്ള യാത്ര അപകടം കുറയ്ക്കാനും സഹായകമാണ്. ഇതുവഴി നാഷനല്‍ ഹൈവേയിലെ തിരക്ക് കുറയാനും ഇടയാകും. തീരദേശ ടൂറിസം പദ്ധതിയുടെ വിജയത്തിനും പാലം സഹായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."