തുര്‍ക്കിയില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ
അങ്കാറ: തുര്‍ക്കിയില്‍ സൈന്യം നടത്തിയ അട്ടിമറി ശ്രമത്തിനും ഒട്ടേറെ പേരുടെ അറസ്റ്റിനും പിറകേ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് അറിയിച്ചത്.
ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗത്തിനു ശേഷമായിരുന്നു നിര്‍ണായക തീരുമാനം. രാജ്യം നേരിടുന്ന തീവ്രവാദ ഭീഷണിയില്‍നിന്നു രക്ഷിക്കുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഒപ്പം, പട്ടാളത്തില്‍ കയറിപ്പറ്റിയ വൈറസുകളെ തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുര്‍ക്കി ഭരണഘടനയനുസരിച്ചു പ്രസിഡന്റിന് ആറു മാസംവരെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം.
ആക്രമണങ്ങളോ ഗുരുതര സാഹചര്യങ്ങളോ ഉണ്ടാകുമ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാണ് ഭരണഘടന അനുവാദം നല്‍കുന്നത്. രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത തരത്തിലാണ് അടിയന്തരാവസ്ഥ നടപ്പാക്കുകയെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. ഇതിനു മുന്‍പു 2002ലാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കുര്‍ദുകളുമായുണ്ടായ ഏറ്റുമുട്ടലുകളെ തുടര്‍ന്നായിരുന്നു ഇത്.
ജനാധിപത്യം തുടരും: ഉര്‍ദുഗാന്‍
അങ്കാറ: രാജ്യത്തു ജനാധിപത്യം അപകടാവസ്ഥയിലല്ലെന്നും അതു ശക്തമായി തുടരുകതന്നെ ചെയ്യുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കിയില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം ഒരു അന്താരാഷ്ട്ര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞദിവസം നടന്ന സൈനിക അട്ടിമറി ശ്രമം സംബന്ധമായ വിഷയത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ പാര്‍ലമെന്റെന്ന ആശയത്തില്‍നിന്നു തുര്‍ക്കി പിന്നോട്ടുപോകില്ല. രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടതെല്ലാം ചെയ്യും. എന്നാല്‍, അട്ടിമറി നീക്കങ്ങള്‍ പൂര്‍ണമായി അവസാനിച്ചെന്നു പറയാനാകില്ലെന്നും വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കം രാജ്യദ്രോഹമാണ്. വിഷയത്തില്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അട്ടിമറി ശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു തുര്‍ക്കി ആരോപിക്കുന്ന ഗുലന്‍ എന്ന പുരോഹിതനെ വിട്ടുനല്‍കണമെന്നു തുര്‍ക്കി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ ഇതുവരെ അറുപതിനായിരത്തിലേറെ പേരാണ് രാജ്യത്ത് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."