സംസ്ഥാനമൊട്ടാകെ പട്ടാപ്പകല്‍ മോഷണം; പോണ്ടിച്ചേരി സ്വദേശി അറസ്റ്റില്‍
ചങ്ങനാശ്ശേരി: തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ ആളില്ലാതെ അടഞ്ഞുകിടന്നിരുന്ന വീടുകളില്‍ പട്ടാപ്പകല്‍ മോഷണം നടത്തിവന്നിരുന്ന പോണ്ടിച്ചേരി സ്വദേശി അറസ്റ്റില്‍. കാരയ്ക്കല്‍ മേലേകാസഗുഡി എല്‍.ജി.ആര്‍ കോളനി നമ്പര്‍ 23ല്‍ ദീപക് ജാഗ്ലിന്‍(22) ആണ് ചങ്ങനാശ്ശേരി പൊലിസിന്റെ പിടിയിലായത്.
ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങര കക്കാട്ടുവീട്ടില്‍ അരുണിന്റെ വീട്ടില്‍ പട്ടാപ്പകല്‍ ആളില്ലാത്ത സമയത്ത് ജനല്‍പൊളിച്ച് അകത്ത് കയറിയ ഇയാള്‍ 3,500 രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് നഗരത്തില്‍വച്ച് സംശയകരമായ സാഹചര്യത്തില്‍കണ്ട ഇയാളെ പിടികൂടുകയായിരുന്നു. തമിഴ്‌നാട്ടില്‍ വളപട്ടണത്ത് കംപ്യൂട്ടര്‍ ഡിപ്ലോമാകോഴ്‌സിന് പഠിച്ചിരുന്ന ദീപക് പരീക്ഷയില്‍ പരാജയപ്പെട്ടതോടെ മോഷണത്തിലേക്ക് തിരിയുകയായിരുന്നു.
ഇയാളുടെ കൈയിലുണ്ടായിരുന്ന ടാബിന്റെ ഐ.എം.ഇ.ഐ നമ്പര്‍ പരിശോധിച്ചപ്പോള്‍ തളിപ്പറമ്പിലെ വിദേശമലയാളിയായ ഉമാശങ്കര്‍ എന്നയാളിന്റെതാണെന്നും കണ്ടെത്തി. ചോദ്യംചെയ്യലില്‍ ഉമാശങ്കറിന്റെ ഭാര്യ ക്ഷേത്രത്തില്‍ പോയസമയത്ത് പട്ടാപ്പകല്‍ വീടിന്റെ പിന്‍വാതില്‍ കല്ലുകൊണ്ട് ഇടിച്ചുതകര്‍ത്ത് അകത്തുകയറി മോഷ്ടിച്ചതാണെന്നും ഒപ്പം ഏഴു പവനും കവര്‍ന്നതായും പ്രതി പൊലിസിനോടു സമ്മതിച്ചു.
തുടര്‍ന്നുണ്ടായ ചോദ്യംചെയ്യലില്‍ തളിപ്പറമ്പിലെ തന്നെ അബ്ദുല്ലയുടെ വീട്ടില്‍ നിന്നും 46,000 രൂപയും മോഷ്ടിച്ചതായും പറഞ്ഞു. കോട്ടയം കഞ്ഞിക്കുഴി തോമാച്ചന്‍പടി പാറപ്പുറം ജയകുമാറിന്റെ വീട്ടില്‍ മോഷശ്രമം നടത്തി.
കഴിഞ്ഞ ഒക്ടോബറില്‍ നാലുകോടി അമ്പലത്തറ മോനിച്ചന്റെ വീടിന്റെ അടുക്കളഭാഗം പൊളിച്ച് അകത്തു കയറി 75,000 രൂപയും ടോര്‍ച്ച്,പെര്‍ഫ്യൂം തുടങ്ങിയവയും മോഷ്ടിച്ചു. സുല്‍ത്താന്‍ബത്തേരി പാട്ടവയലിലെ ഒരു വീട്ടില്‍നിന്നും രണ്ടുപവനും 20,000 മോഷ്ടിച്ചതും ഇയാളാണെന്നു സമ്മതിച്ചിട്ടുണ്ട്. കാസര്‍കോട് കെ.എസ്.ആര്‍.ടി.സിക്കു സമീപം പുഴയുടെ തീരത്തെ നാലുവീടുകളിലും മോഷണം നടത്തി. ഈ വീടുകളില്‍ നിന്ന് സ്വര്‍ണമാണ് മോഷ്ടിച്ചത്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിനു സമീപത്തെ വീട്ടില്‍ നിന്നും 46,000 രൂപയും സ്വര്‍ണവും ഇയാള്‍ മോഷ്ടിച്ചിട്ടുണ്ട്.
തളിപ്പറമ്പ് ഇരുമ്പനംപാറ കെ.എസ്.ഇ.ബി ഓഫിസിനു സമീപത്തെ ഒരു വീട്ടില്‍ നിന്നും 1.3 ലക്ഷം രൂപ മോഷ്ടിച്ചതും ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിനു സമീപത്തെ ഒരു ടൈല്‍സ് ഫാക്ടറിയില്‍ നിന്ന് പതിനായിരം രൂപയും മോഷ്്ടിച്ചിട്ടുണ്ട്.
2016 ഫെബ്രുവരിയില്‍ താമരശ്ശേരി ഈങ്ങാപ്പുഴയില്‍ നിന്നും മോഷ്ടിച്ച ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ താമരശ്ശേരിയില്‍ വച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് ഒരുമാസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആലപ്പുഴ ബോട്ടുജെട്ടിക്കുസമീപത്തെ വീട്ടില്‍ നിന്ന് ഒരു പവനും ആറായിരം രൂപയും മോഷ്ടിച്ച ഇയാള്‍ രണ്ടു മാസത്തോളം നെടുമങ്ങാട്ട് ജെ.സി.ബിയുടെ ക്ലീനര്‍ ജോലിയും ചെയ്തിരുന്നു. കേരളത്തില്‍ എങ്ങും സ്ഥിരമായി താമസിക്കാത്ത ഇയാള്‍ ഒറ്റക്കാണ് മോഷണം നടത്തിവന്നിരുന്നത്.
മോഷണം നടത്തിയശേഷം ഉടന്‍തന്നെ നാട്ടിലേക്കു മടങ്ങുകയും രണ്ടുദിവസത്തിനുള്ളില്‍ വീണ്ടും തിരികെവന്നു വീണ്ടും മോഷണം നടത്തിവരികയുമായിരുന്നു പതിവ്. ഭാര്യ ദീപയോട് കേരളത്തില്‍ ജോലിയുണ്ടെന്നാണ് പറഞ്ഞിരുന്നത്. കേരളത്തില്‍ ആദ്യമായിട്ടാണ് പിടിക്കപ്പെടുന്നത്. നേരത്തെ തമിഴ്‌നാട്ടില്‍ നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ഇയാള്‍ ജയില്‍വാസം അനുഭവിച്ച സമയത്ത് ദീപുരാജ എന്നയാളുമായി പരിചയപ്പെടുകയും ഇയാളുടെ വയനാട്ടിലെ വീട്ടില്‍ താമസിച്ച് മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെ പതിനഞ്ചോളം വീടുകളില്‍ മോഷണം നടത്തിയിട്ടുണ്ട്.
തൃശ്ശൂര്‍, കഴക്കൂട്ടം, ആലപ്പുഴ, ഏറ്റുമാന്നൂര്‍, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലും മോഷണം നടത്തിയിട്ടുള്ളതായി പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. രാത്രിയില്‍ ബസില്‍ യാത്രചെയ്യുകയും പകല്‍ മോഷണം നടത്തിവരികയുമാണ് ചെയ്തിരുന്നത്.കോടതില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു.
കോട്ടയം എസ്.പി. പി എന്‍ രാമചന്ദ്രന്‍,ചങ്ങനാശ്ശേരി ഡിവൈ.എസ്.പി കെ ശ്രീകുമാര്‍, സി ഐ സഖറിയാ മാത്യൂ,എസ്.ഐ സിബി തോമസ്,ഷാഡോ പൊലിസ് എ എസ് ഐ മാരായ കെ കെ റെജി,പ്രദീപ് ലാല്‍,സിബിച്ചന്‍ ജോസഫ്,ആന്റണി സെബാസ്റ്റ്യന്‍,പ്രതീഷ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."