ഒറ്റപ്പാലം തടയണ പദ്ധതി; പ്രഖ്യാപിച്ചിട്ട് 12 വര്‍ഷം
ഒറ്റപ്പാലം: ഒറ്റപ്പാലത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഭാരതപ്പുഴ തടയണ പദ്ധതി ഇപ്പോഴും സര്‍ക്കാര്‍ ഫയലില്‍ തന്നെ. നീണ്ട 12 വര്‍ഷമായിട്ടും ഇന്നുവരെ പ്രാരംഭ നടപടികള്‍ സ്വീകരിക്കാന്‍ ആവാതെ നീളുകയാണ്. 2007ല്‍ 44 നദികളെ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച തീരസംരക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനാണ് പ്രഖ്യാപനം നടത്തിയിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ബജറ്റില്‍ ഒരു കോടി രൂപയും വകയിരുത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് പദ്ധതിയുടെ രൂപരേഖ പോലും തയാറാക്കാന്‍ അധികൃതര്‍ തയാറായില്ല.
മണല്‍ മാഫിയയാണ് തടയണ പദ്ധതി ഇല്ലാതാക്കാന്‍ മുഖ്യകാരണമായി നാട്ടുകാര്‍ കാണുന്നത്. അടുത്ത കാലത്ത് പി. ഉണ്ണി എം.എല്‍.എയുടെ നേതൃത്വത്തില്‍ പദ്ധതി പുനരവതരിപ്പിക്കുകയുംചെയ്തു. പ്രളയം സംഭവിച്ചതോടെ ഫണ്ടിലുണ്ടായ അപര്യാപ്തതയാണ് പദ്ധതിക്ക് മെല്ലെപ്പോക്ക് വന്നതിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
തൃശൂര്‍ കൊണ്ടാഴി പഞ്ചായത്തിലെ കലംകണ്ടത്തൂര്‍ കടവിനെയും ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ശ്മശാനം കടവിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് 250 മീറ്റര്‍ നീളമുള്ള സ്ഥിരം തടയണ നിര്‍മിക്കാന്‍ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. രണ്ടരകിലോമീറ്റര്‍ സ്ഥലത്തായി രണ്ട് അടിയോളം വെള്ളം സംഭരിച്ചുവക്കാന്‍ സാധിക്കുന്ന തടയണയാണ് പദ്ധതി രേഖയിലുള്ളത്. നിര്‍മാണത്തിനുമുന്നോടിയായുള്ള മണ്ണ് പരിശോധനക്കും മറ്റുമുള്ള പദ്ധതിരേഖ ഷൊര്‍ണ്ണൂര്‍ ജലസേചനവകുപ്പ് അധികൃതര്‍ ചീഫ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 12 ലക്ഷം രൂപയുടെ പദ്ധതിരേഖയാണ് പരിശോധനകള്‍ക്കായി സമര്‍പ്പിച്ചിട്ടുള്ളത്. ഇതിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.
മണ്ണ് പരിശോധനക്കൊപ്പം തടയണയുടെ ഉയരവും മറ്റും കണക്കാക്കുന്നതിനുള്ള സര്‍വേയും നടക്കേണ്ടതുണ്ട്. പരിശോധനയ്ക്ക് ശേഷം തടയണയുടെ മാതൃക നിര്‍മിക്കുന്നതിനായി ഇറിഗേഷന്‍ ഡിസൈന്‍ ആന്‍ഡ് റിസര്‍ച്ച് ബ്യൂറോയി (ഐ.ഡി.ആര്‍.ബി)ലേക്ക് കൈമാറും. മാതൃക കിട്ടിയ ശേഷമാണ് പദ്ധതി രൂപരേഖ തയാറാക്കുക. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ വീടുകള്‍ക്കും തടയണ വരുന്നത് ഗുണംചെയ്യും. ഒപ്പം കിണറുകളിലും നീരുറവകള്‍ നിലനില്‍ക്കും. തടയണ വരുന്നതോടെ മേഖലയിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്കും ജലലഭ്യത ഉറപ്പുവരുത്താനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."