പ്രകൃതിഷോഭത്തിന് പിന്നാലെ അഴുകല്‍ രോഗം, കര്‍ഷകര്‍ക്ക് ഇരുട്ടടി
തൊടുപുഴ: പ്രകൃതിഷോഭത്തിലൂടെ ഉണ്ടായ കൃഷി നാശത്തിന് പിന്നാലെ കൃഷികള്‍ക്ക് അഴുകല്‍ രോഗം പടര്‍ന്ന് പിടിക്കുവാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ ആശങ്കയിലായി. കുരുമുളക്,കൊക്കൊ,ഏലം തുടങ്ങിയ കൃഷികളിലാണ് അഴുകല്‍ രോഗം പ്രാരംഭഘട്ടത്തില്‍ കണ്ട് തുടങ്ങിയത്. ഇലകള്‍ പഴുത്ത് പൊഴിഞ്ഞ് തണ്ട് ഉണങ്ങി ചെടികള്‍ പൂര്‍ണമായും നശിച്ച് പോകുന്നതാണ് രോഗം.
ജില്ലയിലെ ചെറുകിട കര്‍ഷകരുടെ പ്രധാന ജീവിതമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കാക്കൊ കൃഷി. ആഴ്ച്ചയില്‍ വിളവ് എടുക്കുവാന്‍ കഴിയുന്ന ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് സാധാരണക്കാരുടെ കൂടുംബങ്ങളിലെ പട്ടിണി മാറ്റിയിരുന്നത്.എന്നാല്‍ കൊക്കൊ ചെടികള്‍ നശിച്ച് തുടങ്ങിയതോടെ ഇവരുടെ ഉപജീവന മാര്‍ഗ്ഗം നഷ്ടമായിരിക്കുകയാണ്. കുരുമുളക് കാല്‍ ശതമാനം മൂപ്പെത്തിയ അവസ്ഥയിലാണ് നിലവില്‍. ശക്തമായ കാറ്റില്‍ ചെടികളുടെ താങ്ങ് മരങ്ങള്‍ ഉലഞ്ഞ് ചെടികളള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. ചുവട്ടില്‍ വെള്ളം കെട്ടിനിന്ന് വേര് ചീഞ്ഞാണ് ചെടികള്‍ ഉണങ്ങി നശിക്കുന്നത്. മഴ മാറി വെയില്‍ തെളിഞ്ഞതോടെയാണ് ചെടികള്‍ വാടി നശിക്കുവാന്‍ തുടങ്ങിയത്. ഹൈറേഞ്ചില്‍ വ്യാപകമായി ഇത്തരത്തില്‍ കൃഷികള്‍ നശിച്ചു തുടങ്ങുന്നുവെന്നാണ് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പറയുന്നത്. കൃഷി ഓഫീസുകളില്‍ കര്‍ഷകര്‍ ഇത്തരം കൃഷി നാശത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. കാലവര്‍ഷക്കെടുതിയില്‍ ഉണ്ടായ കൃഷിനാശത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്തുന്ന തിരക്കിലാണ് കൃഷിവകുപ്പ് ജീവനക്കാര്‍. ഇതിനാല്‍ അഴുകല്‍രോഗം സംബന്ധിച്ച് കണക്ക് രേഖപ്പെടുത്തുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."