പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഭൂരിഭാഗം സ്ഥിരനിക്ഷേപകരെയും ഓഹരി ഉടമകളാക്കി
കൊല്ലം: പോപ്പുലര്‍ ഫിനാന്‍സിന്റെ പേരില്‍ നിക്ഷേപകരിട്ട ഫണ്ട് വകമാറ്റിയാണ് വന്‍ തട്ടിപ്പ് നടത്തിയതെന്ന വിവരം പുറത്തായി. സ്ഥിര നിക്ഷേപം ഇട്ട ഭൂരിഭാഗം പേരെയും പോപ്പുലര്‍ ഫിനാന്‍സ് ഓഹരി ഉടമകളാക്കി മാറ്റിയെന്നാണ് വിവരം. തങ്ങളുടെ കീഴിലുള്ള ചെറിയ കമ്പനികളുടെ ഓഹരി ഉടമകളാണ് ഇവരെന്നാണ് പോപ്പുലര്‍ വരുത്തി തീര്‍ത്തത്.
മൈ പോപ്പുലര്‍ എന്ന സ്ഥാപനത്തിലേക്കാണ് ഫണ്ട് വക മാറ്റിയത്. എല്‍.എല്‍.പി അഥവാ ലിമിറ്റഡ് ലൈബിലിറ്റി പാര്‍ട്ണര്‍ എന്ന പേരില്‍ മൈ പോപ്പുലര്‍ മറൈന്‍ പ്രോഡക്റ്റ്്‌സ് എന്ന പേരില്‍ സ്ഥിരനിക്ഷേപം വക മാറ്റി. ഇതിന് പുറമേ പോപ്പുലര്‍ ഡീലേഴ്‌സ്, റിയാ മണി എക്‌സ്‌ചെയ്ഞ്ച്, റിയാ ആന്റ് റിനു കമ്പനീസ് എന്നിങ്ങനെ നിരവധി കമ്പനികളിലേക്കും ഫണ്ട് വകമാറ്റിയതായി വിവരമുണ്ട്. പോപ്പുലര്‍ സ്ഥിര നിക്ഷേപകര്‍ക്ക് പലിശ നല്‍കിയത് ഈ കമ്പനികള്‍ വഴിയാണ്.
കൊല്ലത്തെ ഉന്നതരായ പലര്‍ക്കും പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപമുണ്ടെന്ന് കരുതുന്നു. നാണക്കേടും പണത്തിന്റെ ഉറവിടം വെളിപ്പെടുത്താനാകാത്തതിനാലുമാണ് പലരും പരാതി കൊടുക്കാതെ പിന്മാറുന്നത്. പോപ്പുലര്‍ ഫിനാന്‍സിന്റെ സ്വത്തുക്കള്‍ ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ കോടതി ഉത്തരവായാല്‍ പരാതി കൊടുക്കാത്തവര്‍ക്ക് കിട്ടാനിടയില്ല.
കൊല്ലം സ്വദേശികളും വിദേശത്ത് ജോലി ചെയ്യുന്നവരുമായ നിരവധി പേര്‍ തട്ടിപ്പിനിരയായെന്നാണ് സൂചന. പോപ്പുലര്‍ ഫിനാന്‍സില്‍ സ്വര്‍ണം പണയം വച്ച ഇനത്തിലും ഏറെപ്പേര്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇത്തരം കേസുകളുടെ പ്രാഥമിക കണക്കുകള്‍ പോലും ലഭ്യമായിട്ടില്ല. അഞ്ച് ദിവസത്തിനകം പരമാവധി പേരുടെ മൊഴി രേഖപ്പെടുത്തി കേസ് പത്തനംതിട്ടയിലേക്ക് വിടാനാണ് പൊലിസിന്റെ തീരുമാനം. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ കൊല്ലം ജില്ലയില്‍ നിന്ന് അഞ്ച് കോടിയിലേറെ നഷ്ടമായതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."