ബിഹാര്‍ തെരഞ്ഞെടുപ്പ്: മാഞ്ചി എന്‍.ഡി.എയില്‍
പാറ്റ്ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്.ജെ.ഡി-കോണ്‍ഗ്രസ് സഖ്യത്തില്‍നിന്നു തെറ്റിപ്പിരിഞ്ഞ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച (സെക്യുലര്‍) പാര്‍ട്ടി എന്‍.ഡി.എയില്‍ ചേര്‍ന്നു. ജിതന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി ബി.ജെ.പി മുന്നണിക്കൊപ്പം ചേരുമെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും പാര്‍ട്ടി വക്താവ് ദാനിഷ് റിസ്വാന് വ്യക്തമാക്കിയതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരെ കണ്ട മാഞ്ചി, തന്റെ പാര്‍ട്ടിയുടെ എന്‍.ഡി.എ പ്രവേശനം പ്രഖ്യാപിച്ചു.
ബിഹാര്‍ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നേരത്തെ, വിവിധ കാരണങ്ങളുന്നയിച്ച് ആര്.ജെ.ഡിയുടെ നേതൃത്വത്തിലുള്ള സഖ്യം വിടുന്നതായി ജിതന്‍ റാം മാഞ്ചി വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെ ഇവര്‍ എന്‍.ഡി.എയില്‍ ചേരുമെന്ന് ഉറപ്പാകുകയും ബി.ജെ.പി ഇവരെ സഖ്യത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ആര്.ജെ.ഡി സഖ്യത്തില്‍ ചെറിയ പാര്‍ട്ടികള്‍ക്കു പ്രാധാന്യം ലഭിക്കുന്നില്ല, ലാലുപ്രസാദ് യാദവിന്റെ മകനും ആര്.ജെ.ഡി നേതാവുമായ തേജസ്വി യാദവ് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു, സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ സമിതിയെ വയ്ക്കാമെന്ന രാഹുല്‍ ഗാന്ധിയുടെ ഉറപ്പ് കോണ്‍ഗ്രസ് പാലിച്ചില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ചായിരുന്നു മാഞ്ചിയുടെ പാര്‍ട്ടി സഖ്യം വിടാന്‍ തീരുമാനിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."