'രാജീവ് ഗാന്ധി ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പിതാവ്'- ഡല്‍ഹിയില്‍ ബി.ജെ.പി പോസ്റ്റര്‍
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പിതാവെന്ന ആരോപണവുമായി ബി.ജെ.പി. ബാഗ ഡല്‍ഹിയില്‍ രാജീവ് ഗാന്ധി ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പിതാവ് എന്നെഴുതിയ പോസ്റ്റര്‍ പതിച്ചിരിക്കുകയാണ് പാര്‍ട്ടി. സിഖ് വിരുദ്ധ കലാപവുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനുള്ള മറുപടിയാണിതെന്ന് ഡല്‍ഹി ബി.ജെ.പി വക്താവ് തജിന്ദര്‍ പാല്‍ സിങ് പറഞ്ഞു. രാഹുലിനെ ചരിത്രം പഠിപ്പിക്കാനാണ് പോസ്റ്റര്‍ പതിച്ചതെന്നും ബാഗ പറഞ്ഞു.
ആദ്യത്തെ ആള്‍ക്കൂട്ടകൊല നടന്നത് രാജീവ് ഗാന്ധിയുടെ കാലത്താണെന്ന് അദ്ദേഹം ആരോപിച്ചു. 1984ലെ കൂട്ടക്കൊല ആസൂത്രണം ചെയ്തത് രാജീവ് ഗാന്ധിയാണ്. 2014ന് ശേഷം കോണ്‍ഗ്രസാണ് ആള്‍ക്കൂട്ടകൊല എന്ന വാക്ക് അവതരിപ്പിച്ചത്. എന്നാല്‍ ഈ വാക്ക് പ്രചാരത്തിലാവും മുന്‍പ് തന്നെ രാജീവ് ഗാന്ധി ആള്‍ക്കൂട്ടഹത്യക്ക് നേതൃത്വം നല്‍കിയെന്നും ബാഗ പറഞ്ഞു.
അതേസമയം, പോസ്റ്റര്‍ പതിച്ചതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന വിശദീകരണവുമായി ബി.ജെ.പിരംഗത്തെത്തി. താന്‍ സ്വന്തം പേരിലാണ് പോസ്റ്റര്‍ പതിച്ചതെന്ന് ബാഗയും അവകാശപ്പെട്ടു.
പോസ്റ്റര്‍ പ്രചരണത്തെ കോണ്‍ഗ്രസ് അപലപിച്ചു. ബി.ജെ.പി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ശര്‍മിഷ്ഠ മുഖര്‍ജി വിമര്‍ശിച്ചു. ബി.ജെ.പിയുടെ അഭിപ്രായമല്ല പോസ്റ്ററില്‍ എങ്കില്‍ എന്തുകൊണ്ട് ബാഗക്കെതിരെ നടപടിയെടുക്കുന്നില്ല എന്നും ശര്‍മിഷ്ഠ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."